വംശനാശം വന്ന വെള്ളച്ചെന്നായകൾക്ക് പുനർജന്മം


ന്യൂയോര്‍ക്ക്‌: ഏകദേശം 13,000 വര്‍ഷം മുൻപ് വംശനാശം സംഭവിച്ച വെള്ളച്ചെന്നായകളെ ജനിതക എഡിറ്റിങ്ങിലൂടെ സൃഷ്‌ടിച്ചതായി ഗവേഷകര്‍. ടെക്‌സസ്‌ ആസ്‌ഥാനമായുള്ള ജനിതക എന്‍ജിനീയറിങ്‌ കമ്പനിയായ കൊളോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു റോമുലസ്‌, റെമസ്‌, ഖലീസി എന്നീ മൂന്ന്‌ ചെന്നായക്കുട്ടികളെ സൃഷ്‌ടിച്ചത്‌. അവയെ തുറന്നുവിടുന്നത്‌ അപകടമാണെന്ന്‌ ഒരു വിഭാഗം ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കി. വെള്ളച്ചെന്നായകളെ സൃഷ്‌ടിച്ചെന്ന അവകാശവാദം തള്ളിക്കളയുന്നവരുണ്ട്‌.
13,000 വര്‍ഷം മുമ്പ്‌ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ സാധാരണയായിരുന്നു വെള്ളച്ചെന്നായകള്‍. അവയ്‌ക്ക് ഏകദേശം ആറടി നീളവും 68 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ചാരനിറമുള്ള ചെന്നായകളേക്കാള്‍ 25 ശതമാനം വലിപ്പവും അവയ്‌ക്കുണ്ടായിരുന്നു. ചാരനിറമുള്ള ചെന്നായകളേക്കാള്‍ കൂടുതല്‍ ആക്രമകാരികളാണു വെള്ളച്ചെന്നായകളെന്നു ഗവേഷകനായ പ്രഫസര്‍ ഫിലിപ്പ്‌ സെഡണ്‍ വ്യക്‌തമാക്കി. അവയെ കാട്ടിലേക്കു തുറന്നുവിടുകയാണെങ്കില്‍ അതിവേഗം മറ്റു സസ്‌തനികളെ വേട്ടയാടി നശിപ്പിക്കും.
ചാരനിറമുള്ള ചെന്നായകളുടെ ഭ്രൂണത്തില്‍ ജനിതക എഡിറ്റിങ്‌ നടത്തിയാണു പുതിയ ചെന്നായകളെ സൃഷ്‌ടിച്ചത്‌. അതിനാല്‍, അവയ്‌ക്കു ചാരനിറമുള്ള ചെന്നായകളോടാകും കൂടുതല്‍ സാമ്യമെന്നു കൊളോസല്‍ ബയോസയന്‍സസിലെ ഗവേഷകര്‍ സമ്മതിച്ചു. അവയെ കൂട്ടിലിട്ട്‌ വളര്‍ത്താനാണു പദ്ധതി. യഥാര്‍ഥ വെള്ളച്ചെന്നായകള്‍ക്കു കുതിര, പോത്തുകള്‍ എന്നിവയായിരുന്നു ഭക്ഷണം. വംശനാശം സംഭവിച്ച ചെന്നായയല്ല, സങ്കരയിനത്തെയാണു സൃഷ്‌ടിച്ചതെന്നു ഒട്ടാഗോ സര്‍വകലാശാലയിലെ പ്രഫസര്‍ നിക്‌ റാവ്‌ലെന്‍സ്‌ പറഞ്ഞു. വെള്ളച്ചെന്നായകളുടെ ഫോസിലുകളില്‍നിന്നു ഡി.എന്‍.എ. ലഭിച്ചിട്ടുണ്ട്‌. പക്ഷേ, ജൈവശാസ്‌ത്രപരമായി പകര്‍ത്താനോ ക്ലോൺ
ചെയ്യാനോ കഴിയാത്തനിലയിലാണ്‌. – അദ്ദേഹം വ്യക്‌തമാക്കി. വെള്ളച്ചെന്നായ ചാരനിറമുള്ള ചെന്നായകളുടെ അടുത്ത ബന്ധുവാണ്‌. ആ സാധ്യത ഉപയോഗിച്ചാണു വെള്ളച്ചെന്നായകളെ സൃഷ്‌ടിച്ചത്‌. 25 മുതല്‍ 60 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണു ചാരനിറമുള്ള ചെന്നായ്‌ക്കളില്‍നിന്നു വെള്ളച്ചെന്നായകള്‍ വേര്‍പിരിഞ്ഞത്‌. ഏകദേശം 19,000 ജീനുകളില്‍നിന്ന്‌, 14 ജീനുകളിലെ 20 മാറ്റങ്ങളിലൂടെയാണു വെള്ളച്ചെന്നായകളെ യാഥാര്‍ഥ്യമാക്കിയതെന്നു ഗവേഷകര്‍ അറിയിച്ചു. യു.എസിലെ അജ്‌ഞാത സ്‌ഥലത്ത്‌ 2,000 ഏക്കര്‍ സ്വകാര്യ കേന്ദ്രത്തിലാണു ചെന്നായക്കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്‌. ആനയുടെ വംശക്കാരായ മാമത്തുകളെ പുനഃസൃഷ്‌ടിക്കാനുള്ള നീക്കത്തിലാണു കൊളോസല്‍ ബയോസയന്‍സസിലെ ഗവേഷകരിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *