തിരുവനന്തപുരം: രാജ്യത്തെ ആരോഗ്യരംഗത്തെ മികവിനുള്ള നിതി ആയോഗിന്റെ ‘ഗോൾ ഓഫ് ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് ഇൻഡെക്സി’ൽ കേരളം നാലാം സ്ഥാനത്തെത്തി. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്തിൻ്റെ ആരോഗ്യരംഗത്തെ വളർച്ചയുടെ ശുഭസൂചനയാണിത്.
നേരത്തെ, 2018-19, 2019-20 വർഷങ്ങളിൽ ഈ സൂചികയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം, പുതിയ ഘടകങ്ങൾ ഉൾപ്പെടുത്തിയതോടെ 2020-21ൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ നാലാം സ്ഥാനത്തേക്കുള്ള മുന്നേറ്റം സംസ്ഥാനത്തിൻ്റെ ആരോഗ്യരംഗത്തെ മികച്ച തിരിച്ചുവരവിൻ്റെ തെളിവാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വിലയിരുത്തൽ (2023-24) പ്രകാരം 90 പോയിന്റ് നേടി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 84 പോയിന്റ് നേടിയ മഹാരാഷ്ട്രയും ഉത്തരാഖണ്ഡും രണ്ടാമതും, 83 പോയിന്റുള്ള ഹിമാചൽ പ്രദേശാണ് മൂന്നാമതും. കേരളം 80 പോയിന്റോടെ കർണാടകത്തിനൊപ്പം നാലാം സ്ഥാനം പങ്കിടുന്നു.
2030-ഓടെ സുസ്ഥിര ലക്ഷ്യം നേടുന്നതിനായി ആവിഷ്കരിച്ച മാതൃമരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം, ക്ഷയരോഗം, പ്രതിരോധകുത്തിവെപ്പ്, എച്ച്ഐവി ബാധിതർ, ആയുർദൈർഘ്യം, ആശുപത്രികളിലെ പ്രസവം, ആരോഗ്യപ്രവർത്തകരുടെ എണ്ണം തുടങ്ങിയ 11 പ്രധാന ഘടകങ്ങളാണ് ഈ വിലയിരുത്തലിൽ പരിഗണിച്ചത്.
മാതൃ-ശിശു മരണനിരക്കിൽ കേരളം രാജ്യത്തിന് മാതൃക
മാതൃമരണനിരക്ക്, ശിശുമരണനിരക്ക് എന്നിവയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. മാതൃമരണനിരക്ക് 2030-ഓടെ ലക്ഷത്തിൽ 70 എന്ന ദേശീയ ലക്ഷ്യം വെക്കുമ്പോൾ, കേരളം വളരെ മുൻപേതന്നെ ഇത് ലക്ഷത്തിൽ 19 എന്ന മികച്ച നിലവാരത്തിലെത്തിച്ചിട്ടുണ്ട്. അതുപോലെ, അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് 1000-ൽ 25 എന്ന ദേശീയ ലക്ഷ്യത്തെക്കാൾ മികച്ചതായി കേരളത്തിൽ ഇത് 1000-ൽ എട്ടാണ്. എച്ച്ഐവി ബാധിതരുടെ കുറവ്, ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം, ഉയർന്ന ആയുർദൈർഘ്യം എന്നിവയിലെല്ലാം കേരളത്തിൻ്റെ മുന്നേറ്റം എടുത്തുപറയേണ്ടതാണ്.
റോഡപകടനിരക്ക്, സ്വന്തം കീശയിൽ നിന്നുള്ള ചികിത്സച്ചെലവ്, ആത്മഹത്യനിരക്ക് എന്നിവയിലെ ഉയർന്ന കണക്കുകളാണ് കേരളത്തിന് ഇത്തവണ റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് വരാൻ കാരണമായതെങ്കിലും, മൊത്തത്തിൽ ആരോഗ്യരംഗത്തെ സുസ്ഥിര വികസനത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ഇത് അടിവരയിടുന്നു. ഈ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ മികച്ച റാങ്കിങ്ങിലേക്ക് എത്താൻ കേരളത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.