ജനവാസമേഖലയിലെ വന്യമൃഗങ്ങളെ കൊല്ലാം


നിയമഭേദഗതി പാസായി; ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അധികാരം
സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് അനുമതിയോടെ മുറിക്കാം


തിരുവനന്തപുരം ∙ കേരള വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, കേരള വന ഭേദഗതി ബിൽ എന്നിവ നിയമസഭ പാസാക്കി. ജനവാസമേഖലയിൽ മനുഷ്യരെ ആക്രമിക്കുകയോ പൊതുസ്ഥലത്തിറങ്ങുകയോ ചെയ്യുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിനു നേരിട്ട് ഉത്തരവിടാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അധികാരം നൽകുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ സംസ്ഥാനം വരുത്തിയ ഭേദഗതിക്കു രാഷ്ട്രപതിയുടെ അംഗീകാരം നേടേണ്ടിവരും. ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിഷേധിച്ചു സഭ ബഹിഷ്കരിച്ച പ്രതിപക്ഷം ബില്ലുകളിലുള്ള ചർച്ചയിൽ പങ്കെടുത്തില്ല.

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ വിമർശിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രൻ, രാഷ്ട്രപതിയുടെ അംഗീകാരം നേടാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർഥിച്ചു. ‘മലയോര കർഷകരുടെ വേദന ആളിക്കത്തിച്ച് പ്രതിപക്ഷം മുതലെടുപ്പിനു ശ്രമിക്കുകയാണ്. വന ഭേദഗതി ബില്ലിൽ വാച്ചർ തസ്തികയുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നാക്കും. എന്നാൽ, ഇവർക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടായിരിക്കില്ല’– മന്ത്രി പറഞ്ഞു. വാച്ചറുടെ അധികാരം സംബന്ധിച്ചു പ്രതിപക്ഷം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തിയെന്നും പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കുറ്റപ്പെടുത്തി.

സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കാൻ കർഷകനെ അനുവദിക്കുന്നതാണ് വന ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഇങ്ങനെ മുറിക്കുന്ന മരം വനംവകുപ്പ് വിൽപന നടത്തി കർഷകനു വില ലഭ്യമാക്കും.
വന്യജീവി സംരക്ഷണ ബില്ലിലെ വ്യവസ്ഥകൾ
∙ വനം, സംരക്ഷിതപ്രദേശം എന്നിവയ്ക്കു പുറത്തു കാണപ്പെടുന്ന വന്യമൃഗത്തെ ‘മനുഷ്യജീവന് അപകടകരം’ എന്നു കണക്കാക്കാം.

∙ ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ കലക്ടറുടെയോ മുഖ്യ വനസംരക്ഷണ അധികാരിയുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെടിവച്ചു കൊല്ലാനോ മയക്കുവെടി വയ്ക്കാനോ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് ഉത്തരവിടാം.

∙ ഏതെങ്കിലും പ്രദേശത്തു വന്യമൃഗത്തിന്റെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിൽ അവയുടെ ജനന നിയന്ത്രണത്തിനു നടപടി സ്വീകരിക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *