ബെംഗളൂരു: കാലാവസ്ഥയിലുൾപ്പെടെ ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ജൂലായ് 30-ന് വൈകീട്ട് 5.40-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഐഎസ്ആർഒയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് നിസാറുമായി കുതിച്ചുയരും.
ഭൂമിയിൽനിന്നും 743 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് (സൺ സിൻക്രോണസ് ഓർബിറ്റ്) ഉപഗ്രഹത്തെ കടത്തിവിടും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ഏറെ കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആർഒ ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിക്കുന്ന ഈ വിക്ഷേപണത്തിന്റെ തീയതി പ്രഖ്യാപിച്ചത്.
2,392 കിലോഗ്രാം ഭാരമുള്ള നിസാർ സവിശേഷമായ ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇരട്ട ഫ്രീക്വൻസിയുള്ള സിന്തറ്റിക് അപ്പർച്ചർ റഡാറിലൂടെ ഭൂമിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തുന്ന ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. നാസയുടെ ദീർഘ തരംഗദൈർഘ്യമുള്ള റഡാറും ഐഎസ്ആർഒയുടെ ഹ്രസ്വതരംഗ ദൈർഘ്യമുള്ള റഡാറും ചേർന്നതാണിത്. ഭൗമോപരിതലത്തിലെ ഉയർന്ന റെസലൂഷനിലുള്ള ചിത്രങ്ങൾ നൽകാൻ ഇതിന് കഴിയും.
ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹം 12 ദിവസത്തെ ഇടവേളകളിൽ ഭൗമോപരിതലത്തിലെ വിവരങ്ങൾ കൈമാറും. എല്ലാ കാലാവസ്ഥയിലും രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ വിവരങ്ങൾ ശേഖരിക്കും. ഭൗമോപരിതലത്തിലെ സൂക്ഷ്മമാറ്റങ്ങൾ അടക്കം കണ്ടെത്താനാവും.
മണ്ണിനുമുകളിലെ രൂപമാറ്റം, മഞ്ഞുപാളികളുടെയും സസ്യജാലങ്ങളുടെയും ചലനങ്ങൾ എന്നിവയുൾപ്പെടെ നിരീക്ഷിക്കും. കടലിലെ മഞ്ഞിന്റെ വർഗ്ഗീകരണം, കപ്പലുകളെ തിരിച്ചറിയൽ, തീരദേശങ്ങളെ നിരീക്ഷിക്കൽ, കൊടുങ്കാറ്റിന്റെ സ്വഭാവമറിയൽ, മണ്ണിലെ ഈർപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കൽ, ജലസ്രോതസ്സുകളുടെ നിരീക്ഷണവും മാപ്പിംഗും, പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കണ്ടെത്തൽ തുടങ്ങിയവക്ക് ഉപഗ്രഹം സഹായകമാകുമെന്നും ഐഎസ്ആർഒ അറിയിച്ചു.