ന്യൂയോര്‍ക്ക്: ഹിമയുഗത്തിനുശേഷം വംശനാശം സംഭവിച്ച ഡെയര്‍ വൂള്‍ഫ് കാട്ടില്‍ തിരിച്ചെത്തി. കൊലോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു ജനിതക എന്‍ജിനീയറിങ്ങിലൂടെ ചെന്നായ ഇനത്തെ തിരിച്ചുകൊണ്ടുവന്നത്. ഗവേഷണശാലയില്‍ പിറന്ന പെണ്‍ചെന്നായയുടെ പേര്‍ – ഖലീസി. ഒരു വര്‍ഷത്തിലേറെ നീണ്ട നിരീക്ഷണങ്ങള്‍ക്കുശേഷമാണു ഖലീസിയെയും സഹോദരങ്ങളെയും 2000 ഏക്കര്‍ വരുന്ന കാട്ടിലേക്കു തിരിച്ചുവിട്ടത്.
ഗെയിം ഓഫ് ത്രോണ്‍സിലൂടെ പുതുതലമുറയ്‌ക്കു പരിചിതരാണു ഡെയ്‌ര്‍ വൂള്‍ഫ് ഇനത്തെ. റോമുലസ്, റീമസ് എന്നീ ചെന്നായക്കുഞ്ഞുങ്ങളാണ് ആദ്യം പിറന്നത്. അവ ആണ്‍ ചെന്നായകളാണ്. വംശം നിലനിര്‍ത്താന്‍ ഖലീസി പിറന്നത് ആറു മാസം മുമ്പ്. നിരീക്ഷണത്തിനുശേഷമാണു ഡെയ്‌ര്‍ വൂള്‍ഫ് ഇനങ്ങളെ കാട്ടില്‍ വിടാന്‍ തീരുമാനമായത്.
ഡെയര്‍ വൂള്‍ഫ് കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ള കാട്ടുചെന്നായകളേക്കാള്‍ വളരെ വലുതാണ്.
ആരോഗ്യ നിരീക്ഷണത്തിനു ഖലീസിയെ വേര്‍തിരിച്ചാണു വളര്‍ത്തിയിരുന്നത്. കാട്ടിലേക്കു വിടുന്നതിന്റെ ഭാഗമായി അവളെ ആദ്യം സഹോദരന്മാര്‍ക്കൊപ്പം ചേര്‍ത്തു. അതിവേഗം അവര്‍ കൂട്ടുകൂടി. വംശനാശം വന്ന ജീവിയുടെ സാമൂഹിക ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയായിരുന്നു അത്.
അസ്‌ഥി കഷ്‌ണങ്ങളില്‍നിന്ന് ലഭിച്ച ജീനുകളില്‍നിന്നാണു ഖലീസിയെയും സഹോദരങ്ങളെയും സൃഷ്‌ടിച്ചത്. ആ ജീനോം അവലംബമായി ഉപയോഗിച്ച് ശാസ്‌ത്രജ്‌ഞര്‍ സാധാരണ കാട്ടുചെന്നായ ഭ്രൂണത്തെ ജനിതകമായി മാറ്റി. അതു വംശനാശം സംഭവിച്ച ഭീകര കാട്ടുചെന്നായയോട് സാമ്യമുള്ളതാക്കി. ഈ സങ്കര ഭ്രൂണത്തെ നായയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. നായയാണു ഡെയര്‍ വൂള്‍ഫ് കുഞ്ഞുങ്ങളെ പ്രസവിച്ചത്.
2024 ഒക്‌ടോബറില്‍ ജനിച്ച ആണ്‍ ചെന്നായക്കുട്ടികള്‍ വേഗത്തില്‍ വളര്‍ന്നു, ആറ് മാസത്തിനുള്ളില്‍ 40 കിലോഗ്രാമിലധികം ഭാരം ആര്‍ജിച്ചു. അവര്‍ കൂടുതല്‍ കൂടുതല്‍ കാട്ടുചെന്നായകളെപ്പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്.
കാട്ടിലേക്കു കയറിയപ്പോള്‍ അവ കളിച്ചു. അവരുടെ ചെവികള്‍ എല്ലാ സമയത്തും മുകളിലേക്ക് ഉയര്‍ന്നിരുന്നു. അതു സന്തോഷകരമായ, ശാന്തമായ കാട്ടുചെന്നായകളുടെ പെരുമാറ്റമാണ്- ഗവേഷകനായ മക്‌നിക്കിള്‍ പറഞ്ഞു.
ഹിമയുഗത്തിലാണു ഡെയര്‍ വൂള്‍ഫുകള്‍ ജീവിച്ചിരുന്നത്. 12,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവയ്‌ക്ക് വംശനാശം വന്നത്. ഡെയര്‍ വൂള്‍ഫുകക്ക് ജനിതക വൈവിധ്യം ലഭിക്കുന്നതിന് കൊലോസല്‍ ബയോസയന്‍സസ് കൂടുതല്‍ ഗവേഷണം നടത്തുന്നുണ്ട്.
എങ്കിലും, ഹിമയുഗ വേട്ടക്കാരുടെ ഒരു വലിയ കൂട്ടം അപകടകരമാകുമെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ കാട്ടുചെന്നായകള്‍ക്ക് സാധാരണ കാട്ടുചെന്നായകളേക്കാള്‍ വലിയ ഇരകളെ വേട്ടയാടാന്‍ കഴിയും. അതു മനുഷ്യര്‍ക്കും ഭീഷണിയാകും.