ലണ്ടന്‍: ദന്താരോഗ്യത്തിനു നല്ലത് മനുഷ്യരുടെ തലമുടിയില്‍നിന്നു നിര്‍മിക്കുന്ന ടൂത്ത്‌പേസ്‌റ്റെന്നു ഗവേഷകര്‍. ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകരുടേതാണു ശിപാര്‍ശ. മനുഷ്യ മുടിയില്‍നിന്നു നിര്‍മിച്ച പേസ്‌റ്റ് ഫ്ലൂറൈഡ് അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളേക്കാള്‍ മികച്ച രീതിയില്‍ പല്ലുകളിലെ കേടുപാടുകള്‍ നീക്കുമെന്നാണ് അവകാശവാദം.
മുടി, കമ്പിളി തുടങ്ങിയവയില്‍നിന്ന് വേര്‍തിരിക്കുന്ന കെറാറ്റിന്‍ ഉപയോഗിച്ചുള്ള ചികിത്‌സകള്‍ പല്ലിന്റെ കേടുപാടുകള്‍ തടയുമത്രേ. അതു പേസ്‌റ്റിന്റെ രൂപത്തിലോ ജെല്ലായോ പ്രയോഗിക്കാന്‍ കഴിയും. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പുതിയ ഉത്‌പന്നം വിപണിയില്‍ ലഭ്യമാകും. പുതിയ സാങ്കേതിക വിദ്യ ദന്തരോഗങ്ങളെ തടയുക മാത്രമല്ല, ശരീരത്തിലുള്ള വസ്‌തുക്കള്‍ ഉപയോഗിച്ച് ജൈവ പ്രവര്‍ത്തനം പുനഃസ്‌ഥാപിക്കുകയും ചെയ്യും- ഗവേഷണ സംഘാംഗമായ ഡോ. ഷെരിഫ് എല്‍ഷര്‍ക്കാവി പറഞ്ഞു. പല്ലുകള്‍ക്ക് ഇനാമല്‍ എന്ന കട്ടിയുള്ള പുറം പാളിയുണ്ട്. അതു പ്രധാനമായും കാല്‍സ്യവും ഫോസ്‌ഫറസും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അത് അകത്തെ പാളികളെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കുന്നു.
ഇനാമല്‍ മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള വസ്‌തുവാണെങ്കിലും അമ്ലം അടങ്ങിയ ഭക്ഷണം അവയെ ദുര്‍ബലമാക്കും.
അസ്‌ഥികളിലും മുടിയും പോലെ ഇനാമല്‍ പുനരുത്‌പാദിപ്പിക്കില്ല, ഒരിക്കല്‍ നഷ്‌ടപ്പെട്ടാല്‍, അത് എന്നേക്കുമായി നഷ്‌ടപ്പെടും- ഡോ. എല്‍ഷര്‍ക്കാവി പറയുന്നു.
ഉയര്‍ന്ന അളവില്‍ ഫ്ലൂറൈഡുള്ള ടൂത്ത് പേസ്‌റ്റുകള്‍ ഈ പ്രക്രിയ മന്ദഗതിയിലാക്കാന്‍ സഹായിക്കും. മുടിയിലും കമ്പിളിയിലുമുള്ള കെറാറ്റിന്‍ പല്ലിന്റെ ബലം സ്‌ഥിരമായി പുനഃസ്‌ഥാപിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെറാറ്റിന്‍ എന്നത് നമ്മുടെ ശരീരം സ്വാഭാവികമായി ഉത്‌പാദിപ്പിക്കുന്ന നാരുകളുള്ള പ്രോട്ടീനാണ്. അതു മുടി, നഖങ്ങള്‍, ചര്‍മ്മത്തിന്റെ പുറം പാളി എന്നിവയെ ഉണ്ടാക്കുന്നു. കെറാറ്റിന്‍ പല്ലുകളില്‍ പ്രയോഗിക്കുമ്പോള്‍, അത് ഇനാമലിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും അനുകരിക്കുന്ന ഒരു സാന്ദ്രമായ ധാതു പാളി രൂപപ്പെടുത്തുന്നു. കെറാറ്റിന്‍ ലായനിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ധാതുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് വളരെ ക്രമീകൃതമായ, ക്രിസ്‌റ്റല്‍ പോലെയുള്ള ഘടന സൃഷ്‌ടിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു.
ഈ ഘടന ലായനിയില്‍നിന്ന് കാല്‍സ്യവും ഫോസ്‌ഫറസും ആഗിരണം ചെയ്യുന്നത് തുടരുന്നു, ഇത് പല്ലിനു ചുറ്റും ‘ഇനാമല്‍ പോലെയുള്ള’ ഒരു പാളിയുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു.
ഈ പാളി പല്ലിനെ സംരക്ഷിക്കുകയും സെന്‍സിറ്റിവിറ്റിയിലേക്ക് നയിക്കുന്ന നാഡികളെ അടയ്‌ക്കുകയും ചെയ്യുന്നു.
മുടിയില്‍നിന്നുള്ള ടൂത്ത്‌പേസ്‌റ്റ് ആരോഗ്യത്തിനു നല്ലത്!
