വാഷിംഗ്ടൺ: കൊലയാളി തിമിംഗലങ്ങൾ തങ്ങളുടെ ശരീരത്തിൽ ചൊറിയാൻ കടൽ സസ്യങ്ങൾ ഉപയോഗിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇത് സമുദ്രത്തിലെ സസ്തനികൾക്കിടയിൽ ഉപകരണ നിർമ്മാണത്തിന്റെ ആദ്യത്തെ തെളിവാണ്. ‘കെൽപ്പ്’ എന്ന് പേരുള്ള കടൽ സസ്യം കടിച്ചെടുത്ത് ഒരു മസാജിംഗ് ഉപകരണമായി ഉപയോഗിക്കുകയാണിവർ.
വാഷിംഗ്ടണിലെ സാലിഷ് കടലിൽ തെക്കൻ കൊലയാളി തിമിംഗലങ്ങളെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചപ്പോഴാണ് ഈ കൗതുകകരമായ പെരുമാറ്റം ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടത്. എല്ലാ പ്രായത്തിലുമുള്ള തിമിംഗലങ്ങളിലും ഈ പ്രവൃത്തി കാണാൻ കഴിഞ്ഞു. പരസ്പരം സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വേണ്ടിയാകാം ഈ മസാജിംഗ് എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
സെന്റർ ഫോർ വെയ്ൽ റിസർച്ചും (സി.ഡബ്ല്യു.ആർ) എക്സിറ്റർ സർവകലാശാലയും സംയുക്തമായാണ് ഈ പഠനം നടത്തിയത്. ഈ പെരുമാറ്റത്തെ ശാസ്ത്രജ്ഞർ ‘അലോക്കെൽപ്പിംഗ്’ എന്ന് വിളിക്കുന്നു. മുമ്പ്, പലതരം തിമിംഗലങ്ങളും കെൽപ്പ് ഉപയോഗിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരം വൃത്തിയാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണെന്നും, ആനകളും മറ്റ് മൃഗങ്ങളും മരത്തിൽ ശരീരം ഉരസുന്നതിന് സമാനമാണെന്നും കരുതിയിരുന്നു.
എന്നാൽ ഇപ്പോഴത്തെ കണ്ടെത്തൽ തികച്ചും വ്യത്യസ്തമാണ്. തിമിംഗലങ്ങൾ കെൽപ്പ് തിരഞ്ഞെടുക്കുകയും മുറിച്ചെടുക്കുകയും ചെയ്യുന്നത് നിരീക്ഷണത്തിൽ വ്യക്തമായി. ചിലപ്പോൾ ഒന്നിലധികം തിമിംഗലങ്ങൾ ഒരുമിച്ച് ചേർന്നും കെൽപ്പ് മുറിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. 12 ദിവസത്തെ നിരീക്ഷണത്തിൽ 8 ദിവസവും തിമിംഗലങ്ങൾ കെൽപ്പ് ഉപയോഗിക്കുന്നത് കണ്ടു. ഏറ്റവും അടുത്ത ബന്ധുക്കളും സമാന പ്രായത്തിലുള്ളവരുമാണ് ഈ പ്രവൃത്തിയിൽ കൂടുതൽ ഒരുമിച്ച് ഏർപ്പെടുന്നത്.
അരനൂറ്റാണ്ടിലേറെയായി കൊലയാളി തിമിംഗലങ്ങളെ ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും, അവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോഴും പുറത്തുവരുന്നുണ്ട്. മുമ്പുണ്ടായിരുന്ന വിമാനങ്ങളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ ഗുണമേന്മ കുറവായിരുന്നെങ്കിൽ, നിലവിൽ ലഭിക്കുന്ന മികച്ച ഡ്രോൺ ദൃശ്യങ്ങളാണ് ഈ ഗവേഷണത്തിന് കൂടുതൽ സഹായകമാകുന്നത്.
തിമിംഗലങ്ങളെ സംബന്ധിച്ചിടത്തോളം സ്പർശനം വളരെ പ്രധാനപ്പെട്ടതാണെന്നും, ഇത് സമ്മർദ്ദം കുറയ്ക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. കെൽപ്പിന്റെ ഉപയോഗം ഈ അനുഭവം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യാം. കെൽപ്പിന് മുറിവുണക്കാനുള്ളതും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്.
കൊലയാളി തിമിംഗലങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അവയുടെ സംരക്ഷണം അത്യാവശ്യമാണ്. കടലിലെ കെൽപ്പ് വനങ്ങളുടെ നാശം ഇവയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.