വാഷിങ്‌ടണ്‍: വൊയേജര്‍ പേടകങ്ങളുടെ ആയുസ് കൂട്ടാന്‍ നാസ. വൈദ്യുതി ഉത്‌പാദനം കുറഞ്ഞതോടെ വോയേജര്‍-1, വെയോജര്‍-2 പേടകങ്ങളിലെ കൂടുതല്‍ ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ നാസ തീരുമാനിച്ചു. വൊയേജര്‍ -1ലെ കോസ്‌മിക് റേ സബ്‌സിസ്‌റ്റം കഴിഞ്ഞ മാസം 25ന് ഓഫ് ചെയ്‌തു. വൊയേജര്‍ -2ലെ ലോ എനര്‍ജി ചാര്‍ജ്‌ഡ് പാര്‍ട്ടിക്കിള്‍ ഇന്‍സ്‌ട്രമെന്റ് ഈ മാസം 24ന് ഓഫ് ചെയ്യും. 1977 ലാണു വൊയേജര്‍ പേടകങ്ങള്‍ വിക്ഷേപിച്ചത്. റേഡിയോ ഐസോടോപ്പ് പവര്‍ സിസ്‌റ്റമാണു വോയേജര്‍ പേടകങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്ലൂട്ടോണിയം ക്ഷയിക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന താപമാണ് ഊര്‍ജോത്‌പാദനത്തിന് ആശ്രയിക്കുന്നത്. ഇരു ബഹിരാകാശ പേടകങ്ങളിലെയും മൂന്ന് ശാസ്‌ത്ര ഉപകരണങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സൗരയൂഥത്തിന്റെ ഹീലിയോസ്‌ഫിയര്‍, സൂര്യന്റെ കാന്തികക്ഷേത്രങ്ങള്‍, ഹീലിയോസ്‌ഫിയറിന് പുറത്തുള്ള നക്ഷത്രാന്തര ബഹിരാകാശം എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് പ്രധാനമാണു വൊയേജര്‍ ദൗത്യങ്ങള്‍. 2012 ലാണു വൊയേജര്‍ -1 നക്ഷത്രാന്തര ബഹിരാകാശത്തിന്റെ ഭാഗമായത്.
മണിക്കൂറില്‍ 38,026 കിലോമീറ്റര്‍ വേഗത്തിലാണു വൊയേജര്‍ -1 സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍നിന്ന് 2493.3 കോടി കിലോമീറ്റര്‍ അകലെയാണു വൊയേജര്‍ -1 ഇപ്പോള്‍. 2474.79 കോടി കിലോമീറ്റര്‍ അകലെയാണു വൊയേജര്‍-2.
ആയുസ് നീട്ടാന്‍ വൊയേജറുകളിലെ കൂടുതല്‍ ഉപകരണങ്ങള്‍ ഓഫാക്കി
