ബെയ്‌ജിങ്: ലോകത്തിലെ ഏറ്റവും ആഴമേറിയ മേഖലകളിലൊന്നായ മരിയാന ട്രഞ്ചില്‍ ജീവന്‍ കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന 11,033 മീറ്റര്‍ ആഴമാണു മരിയാന ട്രഞ്ചിനുള്ളത്. സമുദ്ര നിരപ്പിനോട് ചേര്‍ന്നുള്ള അന്തരീക്ഷ മര്‍ദത്തിന്റെ 1,071 ഇരട്ടിയാണു മരിയാന ട്രഞ്ചിലുള്ളത്(15,750 പി.എസ്.ഐ.). ഇത്രയും മര്‍ദം താങ്ങാന്‍ ഭൂമിയിലുള്ള സാധാരണ ജീവികള്‍ക്കു കഴിയില്ല. അവിടെയാണു ഷാങ്‌ഹായ് ജിയാവോ ടോങ്, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലകള്‍, ലോറന്‍സ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറി എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ ജീവന്‍ കണ്ടെത്തിയത്. തിരിച്ചറിഞ്ഞ സൂക്ഷ്‌മജീവികളില്‍ 89.4% മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സമുദ്രനിരപ്പില്‍നിന്ന് 6,000 മീറ്ററിലധികം ആഴത്തില്‍ സ്‌ഥിതിചെയ്യുന്ന മേഖലകളിലാണു പുതിയ സൂക്ഷ്‌മജീവികളെ കണ്ടെത്തിയത്.
ഭൂമിയില്‍ ഏറ്റവും കുറച്ചു പര്യവേക്ഷണം ചെയ്യപ്പെട്ട ആവാസവ്യവസ്‌ഥകളില്‍ ഒന്നാണിവിടം. ഇത്രയും ആഴത്തില്‍ പര്യവേക്ഷണം നടത്താന്‍ സാധാരണ അന്തര്‍വാഹിനികള്‍ക്കു കഴിയില്ല. 2019 നു മുമ്പ് ഒരു ഡസനില്‍ താഴെ ആളുകള്‍മാത്രമാണു മരിയാന ട്രെഞ്ചിന്റെ ആഴമേറിയ സ്‌ഥലം സന്ദര്‍ശിച്ചിട്ടുള്ളത്.
കടുത്ത ജല മര്‍ദം, കൊടുംതണുപ്പ്, പോഷക വസ്‌തുക്കളുടെ അഭാവം എന്നിവ സമുദ്രത്തിന്റെ ആഴത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിനു പ്രതികൂലമാണ്. ഈ സാഹചര്യങ്ങള്‍ മറികടന്നാണു ജീവന്‍ നിലനിന്നത്. ആഴക്കടല്‍ സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളാണു ഗവേഷകര്‍ക്കു അനുകൂലമായത്. ഫെന്‍ഡൗഷ് മുങ്ങിക്കപ്പല്‍ ഗവേഷണത്തില്‍ വിപ്ലവം സൃഷ്‌ടിച്ചു, ഇത് കൂടുതല്‍ കൃത്യമായ സാമ്പിള്‍ ലഭ്യമാക്കി. 220 കിലോഗ്രാം സാമ്പിളാണു ഗവേഷകര്‍ക്കു ലഭിച്ചത്. 2021 ഓഗസ്‌റ്റിലാണു ഗവേഷണം തുടങ്ങിയത്. ഗവേഷകര്‍ സമുദ്രത്തിന്റെ ആഴത്തിലേക്കു 33 ഡൈവുകള്‍ നടത്തി.
സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള പഠനവും ജീവികളുടെ സാമ്പിളുകളും ഗവേഷകര്‍ ശേഖരിച്ചു. 7,564 സൂക്ഷ്‌മജീവികളെയാണു സാമ്പിളുകളില്‍നിന്നു തിരിച്ചറിഞ്ഞത്. സൂക്ഷ്‌മജീവികളെ കൂടാതെ ഹഡാല്‍ ആംഫിപോഡുകള്‍ (ഹിറോണ്‍ഡെല്ലിയ ഗിഗാസ്) കിടങ്ങുകളിലുടനീളം തിരശ്‌ചീന ജനസംഖ്യാ കൈമാറ്റങ്ങളുള്ള ഹാഡല്‍ ആംഫിപോഡുകള്‍, സ്‌നൈല്‍ഫിഷ് (സ്യൂഡോലിപാരിസ് സ്വിറി) എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
മരിയാന ട്രെഞ്ചില്‍ സൂക്ഷ്മജീവികളെകണ്ടെത്തി
