ദേശീയ പഠനനിലവാര സർവേയിൽ കേരളത്തിന് മികച്ച പ്രകടനം


തിരുവനന്തപുരം ∙ ദേശീയതലത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ് 2024) ഫലങ്ങളിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു. മിക്ക വിഷയങ്ങളിലും ദേശീയ ശരാശരിയെക്കാൾ വളരെ മുന്നിലാണ് കേരളത്തിലെ വിദ്യാർത്ഥികൾ. 3, 6, 9 ക്ലാസുകളിലെ കുട്ടികൾക്കായി ഭാഷ, ഗണിതം, പരിസര പഠനം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് സർവേ നടത്തിയത്.

ആറാം ക്ലാസിൽ 67 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തെത്തി. ഒൻപതാം ക്ലാസിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പഞ്ചാബിന് (57) പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം (56). മൂന്നാം ക്ലാസിൽ പഞ്ചാബ് (80), ഹിമാചൽ പ്രദേശ് (74) എന്നിവർക്ക് പിന്നിൽ 73 പോയിന്റോടെ കേരളം മൂന്നാമതെത്തി. 3, 9 ക്ലാസുകളിൽ ഒന്നാമതും 6-ൽ രണ്ടാമതുമെത്തിയ പഞ്ചാബാണ് സർവേയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.

2021-ലെ സർവേയിൽ പിന്നിലായിരുന്ന കേരളം, മാസങ്ങൾ നീണ്ട സ്കൂൾതല പരിശീലനങ്ങളും മാതൃകാ പരീക്ഷകളും ഉൾപ്പെടെയുള്ള മികച്ച തയ്യാറെടുപ്പുകളിലൂടെയാണ് 2024-ൽ ഈ നേട്ടം കൈവരിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള രേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് കേരളത്തിന്റെ ഈ നേട്ടം വ്യക്തമാക്കിയത്. രാജ്യത്തുടനീളമുള്ള 74,000 സ്കൂളുകളിൽ നിന്നായി 21 ലക്ഷത്തിലധികം കുട്ടികൾ പങ്കെടുത്ത സർവേയിൽ, കേരളത്തിൽ നിന്ന് 1644 വിദ്യാലയങ്ങളിൽ നിന്നുള്ള 46,737 വിദ്യാർത്ഥികളാണ് പങ്കാളികളായത്.


Leave a Reply

Your email address will not be published. Required fields are marked *