പൊന്നാനി: കോഴിക്കോട് കടപ്പുറം മാതൃകയിൽ പൊന്നാനി കടപ്പുറത്ത് ബീച്ച് ടൂറിസം യാഥാർഥ്യമാക്കാൻ മാരിറ്റൈം ബോർഡ് പദ്ധതി ഒരുക്കുന്നു. കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കുകയും സന്ദർശകർക്ക് ഇരിക്കാനും കടൽ കണ്ടാസ്വദിക്കാനും സൗകര്യങ്ങൾ സജ്ജമാക്കുകയും കഫ്ടീരിയകൾ നിർമ്മിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ലൈറ്റ് ഹൗസിൽ നിന്ന് മീൻ ചാപ്പകൾ നിൽക്കുന്ന ഭാഗം വരെ ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ, തുറമുഖ വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് ഈ പദ്ധതിക്ക് ഉപയോഗിക്കുക. മാരിറ്റൈം ബോർഡ് ഈ പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകില്ല. പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
കാർ പാർക്കിംഗിന് വിശാലമായ സൗകര്യവും ടേക്ക് എ ബ്രേക്ക് മാതൃകയിൽ വിശ്രമ സൗകര്യങ്ങളും ഒരുക്കും. മീൻ ചാപ്പയോടടുത്ത ഭാഗങ്ങളിൽ കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും. ലൈറ്റ് ഹൗസിനോട് ചേർന്ന ഭാഗങ്ങളിൽ ഇരിക്കാനും നടക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കപ്പെടും. പൊന്നാനിയുടെ ടൂറിസം വികസന രംഗത്ത് വലിയ മുന്നേറ്റം സാധ്യമാക്കുന്ന പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.
അടിസ്ഥാനം സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലും നിരവധി ആളുകൾ പൊന്നാനി കടപ്പുറത്തേക്ക് എത്തുന്നു. ആഘോഷസമയങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഇവിടെ വരാറുണ്ട്. നിർദ്ദിഷ്ട കപ്പൽ തുറമുഖ പദ്ധതിക്ക് ആവശ്യമായ സ്ഥലം മാറ്റിവച്ചാണ് ബീച്ച് ടൂറിസത്തിന് സ്ഥലമെടുത്തിരിക്കുന്നത്. മാരിറ്റൈം ബോർഡ് ഉദ്യോഗസ്ഥർ അടുത്ത ദിവസം പൊന്നാനി കടപ്പുറത്തെത്തി അവസാന രൂപരേഖ തയാറാക്കുമെന്ന് എം.എൽ.എ പി. നന്ദകുമാർ പറഞ്ഞു.