ന്യൂഡല്‍ഹി: കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ തലമുറ പാന്‍കാര്‍ഡുകള്‍ വരുന്നു. എംബഡഡ് ക്യുആര്‍ കോഡ് അടങ്ങിയ കാര്‍ഡുകളാണു വരുന്നത്. നിലവിലുള്ള പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) സംവിധാനത്തിന്റെ പ്രധാന നവീകരണമായ പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
നികുതിദായകര്‍ക്ക് രജിസ്‌ട്രേഷന്‍ അനായാസമാക്കാനുള്ള സംവിധാനം പാന്‍ 2.0 ല്‍ ഉണ്ടാകും. 1,435 കോടി രൂപയാണു പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഡിജിറ്റല്‍ സൗകര്യങ്ങളും നവീകരിക്കും. സര്‍ക്കാര്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലുടനീളമുള്ള ബിസിനസുകള്‍ക്ക് തിരിച്ചറിയല്‍ സംവിധാനമായി പാന്‍ ഉപയോഗിക്കാം. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ പുനഃക്രമീകരിക്കുമ്പോള്‍ പാന്‍ / ടാന്‍ സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് മാറും.
നിലവിലുള്ള പാന്‍ ഉടമകള്‍ക്ക് അധിക ചെലവില്ലാതെ പാന്‍ 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും.
പാന്‍ 2.0യ്‌ക്കായി അപേക്ഷിക്കേണ്ടതുണ്ടോ?
പാന്‍ 2.0യ്‌ക്കായി അപേക്ഷിക്കേണ്ടതില്ല. പാന്‍ 2.0 സംരംഭത്തിന് കീഴില്‍, നിങ്ങളുടെ നിലവിലുള്ള പാന്‍ കാര്‍ഡ് സാധുതയുള്ളതായി തുടരും. ക്യുആര്‍ കോഡ് സവിശേഷത ഉള്‍പ്പെടെയുള്ള അപ്‌ഗ്രേഡുകള്‍ ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. രാജ്യത്ത് ഇതുവരെ 78 കോടി പാന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്, അതില്‍ 98 ശതമാനവും വ്യക്‌തികളുടേതാണ്.