വാഷിങ്‌ടണ്‍: ഏതാനും ആഴ്‌ച ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ‘ഉപഗ്രഹം’ 2024 പിടി 5 ന്റെ ഉറവിടം ചന്ദ്രനെന്നു കണ്ടെത്തല്‍. 54 ദിവസത്തോളം ഭൂമിയെ ഭ്രമണം ചെയ്‌ത ശേഷം നവംബർ 24നാണ് പിടി 5 സൂര്യന്റെ ആകര്‍ഷത്തില്‍പ്പെട്ട് മറ്റൊരുദിശയിലേക്കു തിരിഞ്ഞത്. ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമാണു പിടി 5ന്. 2024 ഓഗസ്‌റ്റ് ഏഴിനാണു ദക്ഷിണാഫ്രിക്ക കേന്ദ്രീകരിച്ചുള്ള ദൂരദര്‍ശിനിയില്‍ ആ ഛിന്നഗ്രഹം പതിഞ്ഞത്. സെപ്‌റ്റംബര്‍ 29 നു ഭൂമിയുടെ ആകര്‍ഷണത്തില്‍പ്പെട്ട് ഉപഗ്രഹമായി. ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന കാലത്താണു ഗവേഷകര്‍ പിടി 5ന്റെ പ്രത്യേകതകള്‍ പരിശോധിച്ചത്.
ഒടുവിലാണു പിടി 5 ചന്ദ്രന്റെ ഒരു ഭാഗം തകര്‍ന്നതാകാമെന്നുള്ള കണ്ടെത്തല്‍. ഭൂമിയുടെ ഭാഗമായിരുന്നു ചന്ദ്രന്‍ എന്ന സിദ്ധാന്തമുണ്ട്. ആ സിദ്ധാന്തമനുസരിച്ച്, നമ്മുടെ ഗ്രഹം ഏകദേശം 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ വലുപ്പമുള്ള ഒരു ഗ്രഹവുമായി കൂട്ടിയിടിച്ചു. അത് ഭൂമിയില്‍ വിസ്‌ഫോടനത്തിനു കാരണമായി. ആ ആഘാതത്തില്‍ വേര്‍പിരിഞ്ഞ വസ്‌തുക്കളാണത്രേ ചന്ദ്രനായി മാറിയത്.
അന്തരീക്ഷത്തിന്റെ സംരക്ഷണമില്ലാത്തതില്‍ ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ചന്ദ്രനില്‍ പതിക്കുക പതിവാണ്. അവ ചന്ദ്രോപരിതലത്തില്‍ വലിയ ആഘാതം സൃഷ്‌ടിക്കും. അങ്ങനെയുണ്ടായ ഒരു സ്‌ഫോടനത്തിന്റെ ഫലമാണത്രേ പിടി 5. ആ സിദ്ധാന്തം ശരിയെങ്കില്‍ ഭൂമിയുടെ ഭാഗമായിരുന്നു പിടി 5. ‘ഈ ഛിന്നഗ്രഹത്തിന് ചാന്ദ്ര ഉത്ഭവം ഉണ്ടായിരിക്കാമെന്നതിന് ഒന്നിലധികം തെളിവുകളുണ്ട്-‘ പഠനത്തിന്റെ പ്രധാന രചയിതാവും യൂണിവേഴ്‌സിറ്റി കോംപ്ലൂറ്റന്‍സ് ഡി മാഡ്രിഡിലെ പ്രഫസറുമായ കാര്‍ലോസ് ഡി ലാ ഫ്യൂന്റ് മാര്‍ക്കോസ് പറഞ്ഞു.
അദ്ദേഹവും സഹോദരന്‍ റൗള്‍ ഡി ലാ ഫ്യൂണ്ടെ മാര്‍ക്കോസും ഛിന്നഗ്രഹത്തിന് ഒരു ‘മിനി മൂണ്‍’ സ്വഭാവമുണ്ടെന്നു അവകാശപ്പെടുന്നു. കാനറി ദ്വീപുകളിലെ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു പിടി5നെ നിരീക്ഷിച്ചത്. അതു പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗദൈര്‍ഘ്യങ്ങളുടെ പരിധി വിശകലനം ചെയ്‌തു. ഛിന്നഗ്രഹത്തിന്റെ രാസഘടന മുമ്പ് ഭൂമിയിലേക്ക് കൊണ്ടുവന്ന ചാന്ദ്ര വസ്‌തുക്കളുമായി പൊരുത്തപ്പെടുന്നുവെന്ന് ആ ഡേറ്റ സൂചിപ്പിക്കുന്നു.
പിടി 5നെ ഉപഗ്രമായി അംഗീകരിക്കാനാകില്ലെന്നാണു നാസയുടെ നിലപാട്. ആ ഛിന്നഗ്രഹം ഒരിക്കലും ഭൂമിയുടെ ഭ്രമണപഥത്തില്‍ പൂര്‍ണമായി പ്രവേശിച്ചിട്ടില്ലെന്നാണു നാസയുടെ നിലപാട്. അതായത് ഇത് സാങ്കേതികമായി ഒരിക്കലും ഒരു ചന്ദ്രനായിരുന്നില്ല. 45 ലക്ഷം കിലോമീറ്റര്‍ അപ്പുറത്തുകൂടിയാണു പിടി5 സഞ്ചരിച്ചത്. ജനുവരിയില്‍ പിടി 5 വീണ്ടും ഭൂമിയോട് അടുക്കും. ഭൂമിയോട് 17 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തെത്താം. പിന്നീട് മടങ്ങും. പിന്നെ 2055 ല്‍ മാത്രമേ ഭൂമിക്കടുത്തെത്തൂ.