ചൊവ്വയിലെ  ‘എട്ടുകാലി വല’  എന്തായിരിക്കും? നാസ അന്വേഷിക്കുന്നു


വാഷിങ്‌ടണ്‍: ചൊവ്വയുടെ മദ്ധ്യരേഖയ്‌ക്ക്‌(ഭൂമിക്ക്‌ ഭൂമധ്യരേഖ എന്ന പോലെ) മുമ്പൊരിക്കലും പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്ത്‌ നിഗൂഢമായ ‘എട്ടുകാലി വല’ നാസ കണ്ടെത്തി. എട്ടുകാലി വലയോടുള്ള സാമ്യമാണ്‌ ആ പേര്‌ നല്‍കാനുള്ള കാരണം(ചൊവ്വയില്‍ ജീവനുള്ളതായി ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല).
ചൊവ്വയിലെ മധ്യത്തിലായി 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വ്യാപിച്ചുകിടക്കുന്ന വിചിത്രമായ ഘടനകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ നാസ നടപടി തുടങ്ങി. ഭൂമിയിലെ ചില ഗുഹകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ‘ബോക്‌സ്‌ വര്‍ക്ക്‌’ എന്നറിയപ്പെടുന്ന ഒരു തരം ക്രിസ്‌റ്റലൈസ്‌ഡ്‌ ധാതുക്കളുടെ ഭീമാകാരമായ പതിപ്പാണ്‌ ഈ ‘എട്ടുകാലി വല’കളെന്നു ജിയോളജിസ്‌റ്റുകള്‍ സംശയിക്കുന്നു.
അമേരിക്കയിലെ സൗത്ത്‌ ഡക്കോട്ടയിലെ വിന്‍ഡ്‌ ഗുഹയുടെ മേല്‍ക്കൂരയില്‍ ഇത്തരം നിര്‍മിതികള്‍ കാണാം. കാല്‍സ്യം കാര്‍ബണേറ്റ്‌ ധാതുജലം മൃദുവായ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്‌ടിക്കുകയും ക്രിസ്‌റ്റലുകളായി കഠിനമാവുകയും ചെയ്യുമ്പോഴാണു വല പോലുള്ള രൂപം ഭൂമിയില്‍ നിര്‍മിക്കപ്പെടുന്നത്‌.
എന്നാല്‍ ചൊവ്വയിലെ 3,800 ഏക്കറിലധികം വിസ്‌തൃതിയുള്ള വലകള്‍ വ്യത്യസ്‌തമാണ്‌. അവ ചൊവ്വയിലെ കടല്‍വെള്ളത്താല്‍ രൂപപ്പെട്ടതാകാമെന്നാണു ശാസ്‌ത്രജ്‌ഞര്‍ കരുതുന്നത്‌. അങ്ങനെ കടലിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സ്‌ഥിരീകരിക്കപ്പെട്ടാല്‍ ആ ‘വലകളില്‍’ ഫോസിലുകളെയും പ്രതീക്ഷിക്കാമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ചൊവ്വയിലെ വലകള്‍ സൃഷ്‌ടിച്ച ‘ഉപ്പുള്ള ദ്രാവക ജലം’ പുരാതന അന്യഗ്രഹ സൂക്ഷ്‌മാണുക്കളുടെ ഫോസില്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള അനുയോജ്യമായ സ്‌ഥലമായാണു പരിഗണിക്കപ്പെടുന്നത്‌.
2012 ഓഗസ്‌റ്റ്‌ 6 ന്‌ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയതു മുതല്‍ ക്യൂരിയോസിറ്റി പേടകം ജീവന്റെ അടയാളങ്ങള്‍ക്കായി പര്യവേക്ഷണം ചെയ്യുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *