കേരളത്തിൽ വരയാടുകളുടെ എണ്ണം വർധിച്ചു; ഇരവികുളത്ത് മാത്രം 841 എണ്ണം


തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ സംയുക്ത സെൻസസ് റിപ്പോർട്ട് പ്രകാരം രണ്ട് സംസ്ഥാനങ്ങളിലുമായി 2,668 വരയാടുകളുണ്ട്. ഇതിൽ 1,365 വരയാടുകൾ കേരളത്തിലും 1,303 വരയാടുകൾ തമിഴ്‌നാട്ടിലുമാണുള്ളത്. കേരളത്തിൽ വരയാടുകളുടെ ഏറ്റവും വലിയ സമൂഹം വസിക്കുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ മാത്രം 841 വരയാടുകളുണ്ട്. 2024-ൽ ഇത് 827 ആയിരുന്നു. കേരളത്തിലെ വരയാടുകളുടെ 90 ശതമാനവും മൂന്നാർ വന്യജീവി ഡിവിഷനിലാണുള്ളത്. തമിഴ്നാട്ടിൽ മുതുമല, ഗ്രാസ് ഹിൽസ് ദേശീയോദ്യാനങ്ങൾ എന്നിവിടങ്ങളിലാണ് വരയാടുകളുടെ പ്രധാന സാന്നിധ്യം.

നിയന്ത്രിത തീയിടൽ വഴി പുൽമേടുകൾ സംരക്ഷിക്കുന്നു

ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുടെ എണ്ണം വർധിച്ചതിന് പിന്നിൽ നിയന്ത്രിത തീയിടൽ (Controlled Burning) ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിലെ പുൽമേടുകൾ മൂന്ന് വർഷം കൂടുമ്പോൾ വരയാടുകൾക്ക് ഉപയോഗശൂന്യമാകും. ഈ പുല്ലുകൾ കഴിക്കാൻ വരയാടുകൾക്ക് താൽപര്യമുണ്ടാകില്ല. അതുകൊണ്ടാണ് നിയന്ത്രിത തീയിടൽ എന്ന രീതി ഇവർ അവലംബിച്ചത്. എല്ലാ മൃഗങ്ങളെയും മാറ്റിയതിന് ശേഷമാണ് ഇത് ചെയ്യുന്നത്. ഇത് വഴി പോഷകഗുണമുള്ള പുല്ലുകൾ വളരുകയും വരയാടുകൾക്ക് ഭക്ഷണം ലഭിക്കുകയും ചെയ്യുന്നു.

“ഈ വർഷം മാത്രം 144 പുതിയ വരയാട് കുഞ്ഞുങ്ങളാണ് പാർക്കിൽ പിറന്നത്. വരയാടുകളുടെ ആഹാരം ഉറപ്പാക്കുന്നതിന് പുറമെ അവയുടെ പ്രത്യുത്പാദനക്ഷമത വർദ്ധിപ്പിക്കാനും ഈ രീതി സഹായിക്കുന്നു,” മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു.

വരയാടുകൾ കടുവകളുടെയും പുലികളുടെയും പ്രധാന ഇരയായതുകൊണ്ട് തന്നെ അവയുടെ എണ്ണം ഒരു പരിധിയിൽ കൂടാതെ നിലനിർത്താൻ സാധിക്കുന്നു. കൂടാതെ, എളുപ്പത്തിൽ ഇരകളെ കിട്ടുന്നത് കടുവകളും പുലികളും മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


89 ബ്ലോക്കുകളിലായി സെൻസസ്

കേരളത്തിൽ 89 സെൻസസ് ബ്ലോക്കുകളിലും തമിഴ്‌നാട്ടിൽ 182 സെൻസസ് ബ്ലോക്കുകളിലുമായി നാല് ദിവസമാണ് കണക്കെടുപ്പ് നടത്തിയത്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 19 ഫോറസ്റ്റ് ഡിവിഷനുകളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തി. ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തിൽ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് തിരുവനന്തപുരത്ത് വെച്ച് സെൻസസ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *