ലണ്ടൻ: പടിഞ്ഞാറൻ യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് അതിശക്തമായ ഉഷ്ണതരംഗം. കഴിഞ്ഞ 10 ദിവസത്തിനിടെ 2300 പേർ മരിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഇംപീരിയൽ കോളേജ് ലണ്ടനിലെയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ജൂൺ 23 നും ജൂലൈ 2 നും ഇടയിലുള്ള കണക്കാണിത്. ഈ കാലയളവിൽ സ്പെയിനിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഫ്രാൻസിൽ കാട്ടുതീയും വ്യാപകമായി. മരിച്ച 2300 പേരിൽ 1500 പേരും കാലാവസ്ഥാ വ്യതിയാനം മൂലമാണ് മരിച്ചതെന്ന് പഠനം പറയുന്നു. ബാഴ്‌സിലോണ, മാഡ്രിഡ്, ലണ്ടൻ, മിലാൻ എന്നിവയുൾപ്പെടെ 12 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ വർധിപ്പിച്ചതായി ഗവേഷകർ കണ്ടെത്തി.
കഴിഞ്ഞ ജൂൺ മാസം ഭൂമിയിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ ജൂൺ മാസമായിരുന്നു. പശ്ചിമ യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ ജൂണും ഇതായിരുന്നു. യൂറോപ്പിലുടനീളം ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രമാകാനും കൂടുതൽ ആളുകളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് യൂറോപ്യൻ കാലാവസ്ഥാ ശാസ്ത്രജ്ഞയായ സാമന്ത ബർഗെസ് മുന്നറിയിപ്പ് നൽകി.
2022-ൽ യൂറോപ്പിലെ കൊടുംചൂടിൽ ഏകദേശം 61,000 പേർ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വിഭാഗം വിദഗ്ധർ മുൻ വർഷങ്ങളിൽ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. പ്രായമായവർ, രോഗികൾ, കുട്ടികൾ, പുറം ജോലിക്കാർ, ദീർഘനേരം ഉയർന്ന താപനിലയിൽ ജീവിക്കുന്നവർ എന്നിവരെയാണ് ഉഷ്ണതരംഗങ്ങൾ കൂടുതലും ബാധിക്കുന്നത്.