കെയ്റോ: ഈജിപ്ഷ്യന്‍ പിരമിഡുകള്‍ക്ക് താഴെ നഗരം കണ്ടെത്തിയതായി ഗവേഷകര്‍. ഗിസയിലെ പിരമിഡുകള്‍ക്ക് താഴെ 6,500 അടിയിലധികം വ്യാപിച്ചുകിടക്കുന്ന ‘ഭൂഗര്‍ഭ നഗരം’ കണ്ടെത്തിയതായി ഇറ്റലിയിലെയും സ്കോട്ട്ലന്‍ഡിലെയും ഗവേഷകര്‍. റഡാര്‍ തരംഗങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ഭൂമിയില്‍ ആഴത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ റഡാര്‍ തരംഗങ്ങള്‍ക്കാകും.
കുത്തനെയുള്ള എട്ട് കുഴലിന്റെ ആകൃതിയുള്ള ഘടകളാണു ഗിസ പിരമിഡുകള്‍ക്ക് അടിയില്‍ കണ്ടെത്തിയത്. ചില കുഴലുകള്‍ക്ക് 2100 അടിയിലധികം ആഴമുണ്ട്. ചിലത് 4,000 അടി ആഴത്തില്‍ വ്യാപിച്ചുകിടക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഖനനത്തിലൂടെ മാത്രമേ വ്യക്തതയുണ്ടാകുകയുള്ളൂവെന്നു ഗവേഷകര്‍ അറിയിച്ചു. വടക്കന്‍ ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പാറക്കെട്ടുള്ള പീഠഭൂമിയില്‍ 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഖുഫു, ഖാഫ്രെ, മെന്‍കൗര്‍ എന്നീ മൂന്ന് പിരമിഡുകള്‍ ചേര്‍ന്നതാണു ഗിസ സമുച്ചയം. ഓരോന്നും ഓരോ ഫറവോന്റെ നാമത്തില്‍ നിര്‍മിക്കപ്പെട്ടു. ഏറ്റവും പഴയത് ഖുഫുവിനായി നിര്‍മിച്ചതാണ്. ഗ്രേറ്റ് പിരമിഡ് എന്നും അറിയപ്പെടുന്ന ഈ കെട്ടിടം 480 അടി ഉയരവും 750 അടി വീതിയുമുള്ളതാണ്. 2022 ഒക്ടോബറില്‍ റിമോട്ട് സെന്‍സിങ് എന്ന ശാസ്ത്ര ജേണലില്‍ ഇറ്റലിയിലെ കൊറാഡോ മലാംഗയും ഫിലിപ്പോ ബിയോണ്ടിയും ചേര്‍ന്നു പിരമിഡിനെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.
അതില്‍ ഖാഫ്രെയ്ക്കുള്ളില് മറഞ്ഞിരിക്കുന്ന മുറികളും റാമ്പുകളും കണ്ടെത്തിയാതായി അവകാശപ്പെട്ടിരുന്നു. പുതിയ റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കുറി പഠനം നടത്തിയത്.
കുഴിയെടുക്കാതെ ഭൂമിയുടെ ഉപരിതലത്തിനടിയിലെ നിര്‍മിതികളുടെ 3 ഡി ചിത്രങ്ങള്‍ തയാറാക്കുകയായിരുന്നു. മൂന്ന് പിരമിഡുകളുടെ അടിയില്‍ കുഴല്‍ പോലുള്ള ഘടനകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ ഭൂഗര്‍ഭ സംവിധാനത്തിലേക്കുള്ള പ്രവേശന പോയിന്റുകളായി കാണപ്പെടുന്നുവെന്നും ഗവേഷണ സംഘാംഗമായ നിക്കോളെ സിക്കോലോ പറഞ്ഞു. മൂന്ന് പിരമിഡുകള്‍ക്കും കീഴില്‍ പരസ്പരം ബന്ധിപ്പിക്കുന്ന മറ്റ് ചേംബര്‍ പോലുള്ള ഘടനകളുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
പിരമിഡിന് അടിയില്‍ ‘നഗരം’ കണ്ടെത്തി
