വാഷിങ്‌ടൺ: ഭൂമിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന ‘സ്വിഫ്റ്റ്’ ബഹിരാകാശ ദൂരദർശിനിയെ വീണ്ടെടുക്കാനുള്ള അതീവ സങ്കീർണ്ണമായ ദൗത്യത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തുടക്കമിടുന്നു. ഇതിനായി ഏകദേശം 250 കോടി രൂപ (30 മില്യൺ ഡോളറിലധികം) ചെലവ് വരുന്ന ഒരു റോബോട്ടിക് ദൗത്യം ഈ ആഴ്ച തന്നെ ബഹിരാകാശത്തേക്ക് തിരിക്കും. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ സ്‌ഫോടനങ്ങളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന സ്വിഫ്റ്റിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച്, ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റുകയാണ് നാസയുടെ ലക്ഷ്യം.
രക്ഷാദൗത്യത്തിന് സ്റ്റാർട്ടപ്പ് കമ്പനി; ‘ലിങ്ക്’ പേടകം സജ്ജം
‘കാറ്റലിസ്റ്റ് സ്‌പേസ് ടെക്‌നോളജീസ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനിയെയാണ് നാസ ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ‘ലിങ്ക്’ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ ബഹിരാകാശ പേടകം പസഫിക് മഹാസമുദ്രത്തിലെ മാർഷൽ ഐലൻഡ്സിൽ നിന്നും ‘പെഗാസസ്’ റോക്കറ്റ് വഴിയാണ് വിക്ഷേപിക്കുക. ഒരു റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ലിങ്ക് പേടകത്തിന് 12 മീറ്റർ നീളമുള്ള സോളാർ പാനലുകളും മൂന്ന് റോബോട്ടിക് കൈകളുമുണ്ട്. മൂന്നടിയലധികം നീളമുള്ള ഈ കൈകളുടെ അറ്റത്ത് രണ്ട് വിരലുകളുള്ള ഗ്രിപ്പറുകൾ ഘടിപ്പിച്ചിരിക്കുന്നു. ഈ കൈകൾ ഉപയോഗിച്ചായിരിക്കും പേടകം സ്വിഫ്റ്റിനെ പിടികൂടുക.
ഭൂമിയിൽ നിന്നും നിലവിൽ 360 കിലോമീറ്റർ ഉയരത്തിലുള്ള സ്വിഫ്റ്റിനൊപ്പം എത്താൻ ലിങ്കിന് ഒരു മാസത്തോളമെടുക്കും. തുടർന്ന് സ്വിഫ്റ്റിനെ സുരക്ഷിതമായ 600 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ഉയർത്താൻ രണ്ട് മാസത്തെ സമയവും വേണ്ടിവരും.
സമയപരിധി ഒക്ടോബർ വരെ; വെല്ലുവിളികൾ ഏറെ
2004-ൽ വിക്ഷേപിച്ചതു മുതൽ പ്രപഞ്ച നിരീക്ഷണം നടത്തുന്ന ഈ 1.6 ടൺ ഭാരമുള്ള ഗാമാ റേ ഒബ്‌സർവേറ്ററി രക്ഷപ്പെടുത്തണമെങ്കിൽ അത് ഭൂമിയിൽ നിന്നും കുറഞ്ഞത് 300 കിലോമീറ്റർ ഉയരത്തിലെങ്കിലും നിലനിൽക്കണം. നിലവിലെ വേഗതയനുസരിച്ച് ഒക്ടോബറോടെ സ്വിഫ്റ്റ് തിരിച്ചുവരാൻ സാധിക്കാത്ത വിധം അന്തരീക്ഷത്തിലേക്ക് പതിക്കുമെന്നാണ് കണക്കാക്കുന്നത്. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ സെപ്റ്റംബറോടെ സ്വിഫ്റ്റ് വീണ്ടും പ്രവർത്തനസജ്ജമാകുമെന്ന് നാസ വ്യക്തമാക്കി.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വിഫ്റ്റ് ദൂരദർശിനി ഭാവിയിൽ അറ്റകുറ്റപ്പണികൾ നടത്താനോ, മനുഷ്യന്റെയോ റോബോട്ടിന്റെയോ കൈകൾ കൊണ്ട് പിടിച്ചെടുക്കാനോ പാകത്തിലല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദൗത്യം കടുത്ത വെല്ലുവിളികൾ നിറഞ്ഞതാണെന്നും വിജയം പൂർണ്ണമായി ഉറപ്പുനൽകാൻ കഴിയില്ലെന്നും നാസ സമ്മതിക്കുന്നുണ്ട്.
ഹബിളും ഭീഷണിയിൽ; മുൻപിൽ ചൈന മാത്രം
നാസയുടെ വിഖ്യാത ദൂരദർശിനിയായ ഹബിളും സമാനമായ പ്രതിസന്ധി നേരിടുകയാണെന്ന സൂചനയുണ്ട്. സൂര്യനിൽ നിന്നുണ്ടാകുന്ന ശക്തമായ സൗരജ്വാലകൾ കാരണം ഹബിളിന്റെ ഭൂമിയിൽ നിന്നുള്ള അകലവും കുറഞ്ഞുവരികയാണ്. എന്നാൽ, വലിപ്പമേറിയ ഹബിൾ ടെലിസ്‌കോപ്പിനെ ഏതാനും വർഷങ്ങൾക്കുള്ളിൽ രക്ഷിക്കാൻ തങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ റോബോട്ടിന് സാധിക്കുമെന്ന് കാറ്റലിസ്റ്റ് സ്‌പേസ് സി.ഇ.ഒ ഘോൻഹി ലീ അവകാശപ്പെട്ടു.
ബഹിരാകാശത്ത് ഇത്തരമൊരു സാഹസിക ദൗത്യത്തിന് മുൻപ് മുതിർന്നിട്ടുള്ളത് ചൈന മാത്രമാണ്. നാല് വർഷം മുൻപ് അവർ തങ്ങളുടെ ഒരു ഉപഗ്രഹത്തെ ഇത്തരത്തിൽ വിജയകരമായി ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.
