ആദ്യത്തെ അന്യഗ്രഹം കണ്ടെത്തി ജെയിംസ് വെബ് ദൂരദർശിനി 

ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അതിന്റെ ആദ്യത്തെ അന്യഗ്രഹം (exoplanet) കണ്ടെത്തിയതായി ബുധനാഴ്ച ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഭൂമിയുടെ അടുത്തുള്ള ഗാലക്സി പരിസരത്തുള്ള ഈ താരതമ്യേന ചെറിയ ഗ്രഹത്തിന്റെ അപൂർവമായ നേരിട്ടുള്ള ചിത്രങ്ങൾ ദൂരദർശിനി പകർത്തി.

2022-ൽ പ്രവർത്തനക്ഷമമായതിനുശേഷം, പ്രപഞ്ചത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും ദൂരം കാണാൻ കഴിവുള്ള ഈ ദൂരദർശിനി, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള അന്വേഷണം അതിവേഗം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ, അതിന്റെ ആഴത്തിലുള്ള നിരീക്ഷണങ്ങൾ പ്രധാനമായും അറിയപ്പെടുന്ന അന്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത്.

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വെളിപ്പെടുത്തിയ TWA 7b എന്ന അന്യഗ്രഹത്തിന്റെ കണ്ടെത്തൽ “ദൂരദർശിനിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കത്തെ” പ്രതിനിധീകരിക്കുന്നുവെന്ന് ഫ്രാൻസിന്റെ CNRS ഗവേഷണ കേന്ദ്രം   പ്രസ്താവനയിൽ പറഞ്ഞു.

“നേരിട്ട് ചിത്രീകരിക്കാത്ത ഗ്രഹങ്ങളെ നിരീക്ഷിക്കാൻ വെബ്ബ് ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്,” പഠനത്തിനു നേതൃത്വം നൽകിയ പാരീസ് ഒബ്സർവേറ്ററിയിലെ ഗവേഷകയായ ആനി-മാരി ലഗ്രാഞ്ച് പറഞ്ഞു.

വിദൂര ഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങൾ പകർത്തുന്നത് ബുദ്ധിമുട്ടാണ്, കാരണം അവയ്ക്ക് താപം ഇല്ലാത്തതിനാൽ “വളരെ മങ്ങിയതാണ്” എന്ന് ലഗ്രാഞ്ച് പറഞ്ഞു. അതിലും മോശം, “അവയെ ചുറ്റുന്ന നക്ഷത്രത്തിന്റെ വെളിച്ചത്തിൽ നമ്മൾ അന്ധരാകുന്നു,” അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഈ പ്രശ്നം മറികടക്കാൻ വെബ്ബിന് ഒരു വഴിയുണ്ട്.

വെബ്ബിന്റെ MIRI ഉപകരണത്തിന്റെ ഒരു ഭാഗമായ കൊറോണഗ്രാഫ് നക്ഷത്രത്തെ മറയ്ക്കുകയും, ഒരു സൂര്യഗ്രഹണത്തിന് സമാനമായ ഫലം സൃഷ്ടിക്കുകയും ചെയ്യുന്നു. തുടർന്ന് ദൂരദർശിനിയുടെ ഇൻഫ്രാറെഡ് ദർശനം ഗ്രഹത്തെ കണ്ടെത്താൻ സഹായിക്കുന്നു.

ഭൂമിയിൽ നിന്ന് ഏകദേശം നൂറ് പ്രകാശവർഷം അകലെയുള്ള TWA 7 എന്ന നക്ഷത്രത്തേക്കുറിച്ചു പഠിക്കവേയാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. .

1999-ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ആദ്യമായി കണ്ടെത്തിയ ഈ നക്ഷത്രം രണ്ട് കാരണങ്ങളാൽ ഒരു നല്ല ലക്ഷ്യമായി കണക്കാക്കപ്പെട്ടു.

അതിന് വെറും 6.4 ദശലക്ഷം വർഷം പഴക്കമേയുള്ളൂ – സൂര്യന്റെ 4.5 ബില്യൺ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഏറെ പുതിയതാണണ് – കൂടാതെ ഗ്രഹങ്ങൾ രൂപം കൊള്ളുന്നു എന്ന് കരുതുന്ന വാതകത്തിന്റെയും പൊടിപടലങ്ങളുടെയും ഒരു വലിയ ഡിസ്ക് ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുണ്ട്.

നക്ഷത്രത്തിന് ചുറ്റുമുള്ള മൂന്ന് വലയങ്ങൾ മുമ്പ് ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ വലയത്തിലെ ശൂന്യമായ ഒരു ഭാഗത്ത്, വെബ് ദൂരദർശിനി അസാധാരണമാംവിധം തിളക്കമുള്ള എന്തോ ഒന്ന് കണ്ടെത്തി.

സൗരയൂഥത്തിന്റെ അതിരിലുള്ള ഒരു വസ്തുവിൽ നിന്നോ, നക്ഷത്രത്തിന് പിന്നിലുള്ള വിദൂര ഗാലക്സിയിൽ നിന്നോ ആണ് ഈ പ്രകാശം വരുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞു.

അതുവഴി, പ്രകാശ സ്രോതസ്സ് താരതമ്യേന ചെറുതും തണുത്തതുമായ ഒരു ഗ്രഹമാണെന്ന് കണ്ടെത്തി. ഇതുവരെ നേരിട്ട് ചിത്രീകരിച്ചിട്ടുള്ള മറ്റേതൊരു അന്യഗ്രഹത്തെക്കാളും 10 മടങ്ങ് ഭാരം കുറഞ്ഞതാണ് ഇതിന്റെ പിണ്ഡം എന്ന് പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *