ക്ലിയോപാട്രയുടെ കുടീരത്തിനായുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍


കെയ്‌റോ: ഈജിപ്‌ഷ്യന്‍ രാജ്‌ഞി ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. അവരുടെ അന്ത്യവിശ്രമ സ്‌ഥലം എന്നു വിശ്വസിക്കുന്ന സ്‌ഥലത്ത്‌ ക്ലിയോപാട്ര പ്രതിമ കണ്ടെത്തി. ബി.സി. 51 മുതല്‍ 30 വരെയാണു ക്ലിയോപാട്ര ഈജിപ്‌ ഭരിച്ചത്‌. 20 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണു ശവകുടീരത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നു ഗവേഷകയായ കാത്‌ലീന്‍ മാര്‍ട്ടിനെസ്‌ അറിയിച്ചു.

തല മാത്രമുള്ള വെളുത്ത മാര്‍ബിള്‍ പ്രതിമയാണു ലഭിച്ചത്‌. കൂടെ ക്ലിയോപാട്രയുടെ ചിത്രമുള്ള 337 നാണയങ്ങളും മണ്‍പാത്രങ്ങള്‍, എണ്ണ വിളക്കുകള്‍, പ്രതിമകള്‍, മറ്റ്‌ കരകൗശല വസ്‌തുക്കള്‍ എന്നിവയും തപോസിരിസ്‌ മാഗ്ന ക്ഷേത്രത്തില്‍നിന്ന്‌ കണ്ടെത്തി. ഇതോടെയാണു തപോസിരിസ്‌ മാഗ്ന ക്ഷേത്രത്തിലാകാം ക്ലിയോപാട്രയെ സംസ്‌കരിച്ചതെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്‌.

ഭൂമിക്കടിയില്‍ 4,281 അടി നീളമുള്ള തുരങ്കത്തിന്‌ മുകളിലാണു ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌. തുരങ്കത്തിലെവിടെയോ അവരുടെ ശവകുടീരം ഉണ്ടാകാമെന്നാണു വിശ്വാസം. ക്ലിയോപാട്രയുടെ മൃതദേഹം കൊട്ടാരത്തില്‍നിന്ന്‌ തുരങ്കത്തിലൂടെ മാറ്റി ഒരു രഹസ്യ സ്‌ഥലത്ത്‌ അടക്കം ചെയ്‌തതായി മാര്‍ട്ടിനെസ്‌ വിശ്വസിക്കുന്നു.

തപോസിരിസ്‌ മാഗ്ന ക്ഷേത്രത്തിന്റെ നിര്‍മാണം ബി.സി. ഒന്നാം നൂറ്റാണ്ടിലാണെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഈ ക്ഷേത്രത്തിന്റെ പേരിന്റെ അര്‍ഥം ‘ഒസിരിസിന്റെ വലിയ ശവകുടീരം’ എന്നാണ്‌, അതു ക്ലിയോപാട്രയുടെ പുനര്‍ജന്മമാണെന്ന്‌ വിശ്വസിക്കപ്പെടുന്ന ഒസിരിസ്‌ ദേവനും അദ്ദേഹത്തിന്റെ രാജ്‌ഞിയായ ഐസിസ്‌ ദേവതയ്‌ക്കും സമര്‍പ്പിച്ചിരിക്കുന്നു. ഈജിപിലുണ്ടായ ഭൂകമ്പങ്ങളില്‍ ക്ഷേത്രം തകര്‍ന്ന നിലയിലാണ്‌. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്ന്‌ കടലില്‍ മുങ്ങിപ്പോകുകയും ചെയ്‌തു. ബി.സി. 30 ലാണു ക്ലിയോപാട്ര ആത്മഹത്യ ചെയതെന്നാണു വിശ്വാസം.

എന്നാല്‍, മാര്‍ട്ടിനെസും സംഘവും കണ്ടെടുത്ത പ്രതിമ മറ്റൊരു രാജ്‌ഞിയുടേതാകാമെന്നു വിശ്വസിക്കുന്ന ഗവേഷകരുണ്ട്‌. എങ്കിലും, അക്കാലത്തെ വാസ്‌തുവിദ്യ, സാംസ്‌കാരിക, ആചാരപരമായ സമ്പ്രദായങ്ങളെക്കുറിച്ചുള്ള വിദഗ്‌ധരുടെ ധാരണ മെച്ചപ്പെടുത്തുന്നതിന്‌ തപോസിരിസ്‌ മാഗ്നയിലെ കണ്ടെത്തലുകള്‍ നിര്‍ണായകമാണെന്ന്‌ ഈജിപ്‌ഷ്യന്‍ ടൂറിസം, പുരാവസ്‌തു മന്ത്രാലയം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *