ഇസ്രയേലില്‍ പിരമിഡ്‌ കണ്ടെത്തി; നിറയെ ആയുധങ്ങളും നാണയങ്ങളും


ജറുസലേം: കിഴക്കന്‍ ഇസ്രയേലില്‍ ചാവുകടലിനടുത്തുള്ള നഹല്‍ സൊഹാര്‍ താഴ്‌വരയില്‍ 2,200 വര്‍ഷം പഴക്കമുള്ള പിരമിഡ്‌ കണ്ടെത്തി. ഈജിപ്‌തിലെ പിരമിഡുകളില്‍നിന്നു വ്യത്യസ്‌തമായ പിരമിഡുകളാണു കണ്ടെത്തിയതെന്ന്‌ ഇസ്രയേല്‍ ആന്റിക്വിറ്റീസ്‌ അതോറിറ്റി അറിയിച്ചു. 20 അടി ഉയരമുള്ള പിരമിഡ്‌ കൈകൊണ്ട്‌ കൊത്തിയ കല്ലുകള്‍ കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്‌. ‘അവിശ്വസനീയമായ മരുഭൂമി കോട്ട’ എന്നാണു പിരമിഡിനു ഗവേഷകര്‍ നല്‍കിയ വിശേഷണം. പാപ്പിറസില്‍ ഗ്രീക്ക്‌ ഭാഷയില്‍ എഴുതിയ രേഖകളും ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്‌.
2,200 വര്‍ഷം പഴക്കമുള്ള ആയുധങ്ങള്‍, തുണിത്തരങ്ങള്‍, മുത്തുകള്‍, വെങ്കല നാണയങ്ങള്‍ എന്നിവയും ഇവിടെയുണ്ടെന്ന്‌ ഇസ്രയേല്‍ ആന്റിക്വിറ്റീസ്‌ അതോറിറ്റി(ഐ.എ.എ.)യില്‍നിന്നുള്ള ഖനന വിദഗ്‌ധര്‍ അറിയിച്ചു.
‘കണ്ടെത്തലുകള്‍ ആവേശകരമാണ്‌, പുരാവസ്‌തു, ചരിത്ര ഗവേഷണത്തിന്‌ അവയുടെ പ്രാധാന്യം വളരെ വലുതാണ്‌’- ഐ.എ.എ. ഡയറക്‌ടര്‍ എലി എസ്‌കുസിഡോ പറഞ്ഞു. പിരമിഡ്‌ രൂപീകരണത്തിന്റെ ഉദ്ദേശ്യം വ്യക്‌തമല്ല. അത്‌ ഒരു ഗാര്‍ഡ്‌ ടവര്‍ ആയിരുന്നിരിക്കാമെന്നാണു നിഗമനം. ഈജിപ്‌റ്റിലെ ടോളമിക്‌ രാജവംശവും ഗ്രീക്ക്‌ സെലൂസിഡ്‌ രാജവംശവും ഇസ്രയേല്‍ ഭരിച്ചിരുന്ന കാലത്താണ്‌ പിരമിഡ്‌ കെട്ടിടം നിര്‍മിച്ചതെന്ന്‌ ഐ.എ.എ. അഭിപ്രായപ്പെട്ടു. ടോളമികളുടെയും സെലൂസിഡ്‌ സാമ്രാജ്യത്തിലെ രാജാവായ ആന്റിയോക്കസ്‌ നാലാമന്റെയും അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെങ്കല നാണയങ്ങളില്‍നിന്ന്‌ ഈ കാലഘട്ടം വ്യക്‌തമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *