അതിവേഗ ക്വാണ്ടം ചിപ്പുമായി ഗൂഗിള്‍


വാഷിങ്‌ടണ്‍: അതിവേഗ ക്വാണ്ടം കമ്പ്യൂട്ടര്‍ ചിപ്പുമായി ഗൂഗിള്‍. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ 10 സെപ്‌റ്റിലിയന്‍ വര്‍ഷങ്ങള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന ജോലികള്‍ അഞ്ച്‌ മിനിറ്റുകൊണ്ട്‌ തീര്‍ക്കാന്‍ ‘വില്ലോ’ എന്നു വിളിപ്പേരുള്ള ചിപ്പ്‌ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിനു കഴിയും. (ഒന്നിനു ശേഷം 24 പൂജ്യങ്ങള്‍, അഥവാ 1,000,000,000,000,000,000,000,000 ആണ്‌ ഒരു സെപ്‌റ്റിലിയന്‍. പ്രപഞ്ചത്തിന്‌ 1370 കോടി വര്‍ഷം മാത്രമാണു പഴക്കം)
നാലു സെന്റീമീറ്ററാണു പുതിയ ചിപ്പിന്റെ വലിപ്പം. 30 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണു കണ്ടെത്തലെന്നു ഗൂഗിള്‍ അറിയിച്ചു.
‘വാണിജ്യ’ ക്വാണ്ടം കമ്പ്യൂട്ടര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ ഒരുപടികൂടി അടുത്തതായി ഗൂഗിള്‍ അറിയിച്ചു. ആ ലക്ഷ്യം ഇപ്പോഴും 10-20 വര്‍ഷം അകലെയാണെന്നും ഗവേഷകര്‍ അറിയിച്ചു. ഗൂഗിളിന്റെ തന്നെ സിക്കമോര്‍ പ്രോസസറിന്റെ പിന്‍ഗാമിയാണു വില്ലോ.
കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ ലാബിലാണു വില്ലോ വികസിപ്പിച്ചെടുത്തത്‌.
2019 ല്‍ പുറത്തിറങ്ങിയ സിക്കമോര്‍ ചിപ്പിന്റെ പ്രോസസിങ്‌ വേഗം 53 ക്യുബിറ്റായിരുന്നു. പിന്നീട്‌ 70 ക്യുബിറ്റിലെത്തി.
വില്ലോയ്‌ക്ക് ഒരേ സമയം 105 ക്യുബിറ്റ്‌ പ്രോസസ്‌ ചെയ്യാനാകും. (ഡിജിറ്റല്‍ കമ്പ്യൂട്ടറുകള്‍ ഓണ്‍-ഒന്ന്‌, ഓഫ്‌- പൂജ്യം എന്നിവയുടെ അടിസ്‌ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്‌. അവയെ ബിറ്റുകള്‍ എന്നാണു വിളിക്കുന്നത്‌. എന്നാല്‍ ക്യുബിറ്റുകളില്‍ 0 നും ഒന്നിനും ഇടയിലുള്ള ഫലങ്ങളും അനുവദിക്കും. അതാണു വേഗതയ്‌ക്കു പിന്നില്‍.)
പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, ഔഷധ ഗവേഷണം, ഫ്യൂഷന്‍ എനര്‍ജി, ബാറ്ററി ഡിസൈന്‍ തുടങ്ങി നിരവധി മേഖലകളില്‍ നവീകരണത്തിന്‌ ശക്‌തി പകരാന്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക്‌ കഴിയുമെന്നു ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്നു.
ക്വാണ്ടം കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നതിനുള്ള ‘വളരെ പ്രധാനപ്പെട്ട നാഴികക്കല്ല്‌’ എന്നാണ്‌ സസെക്‌സ് സെന്റര്‍ ഫോര്‍ ക്വാണ്ടം ടെക്‌നോളജീസ്‌ ഡയറക്‌ടര്‍ പ്രഫസര്‍ വിന്‍ൈഫ്രഡ്‌ ഹെന്‍സിംഗര്‍ പുതിയ ചിപ്പിനെ വിശേഷിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *