പീരുമേട്: പൈതൃക സ്‌മാരകമായി സംരക്ഷിക്കേണ്ട തോട്ടാപ്പുര തകര്‍ന്നു വീഴാന്‍ കാരണം അധികൃതരുടെ അനാസ്‌ഥയാണെന്ന ആക്ഷേപം ശക്‌തിപ്പെടുന്നു. രാജഭരണ കാലത്ത് വെടി കോപ്പുകള്‍ സൂക്ഷിക്കാന്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച ഒറ്റമുറി കെട്ടിടമാണ് ചരിത്രബോധമില്ലാത്ത ഭരണാധികാരികളുടെ അനാസ്‌ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ ഇടിഞ്ഞു വീണത്. ഇത് സംരക്ഷിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാരും മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാല്‍ ബന്ധപ്പെട്ടവര്‍ കണ്ണടച്ചു. തോട്ടാപ്പുരയെന്ന ഈ ഒറ്റമുറി കെട്ടിടത്തിന്റെ പേരിലാണ് ഒരു പ്രദേശം തന്നെ അറിയപെട്ടിരുന്നത്. ചുറ്റും പടര്‍ന്നു കയറിയ ആല്‍മരത്തിന്റെ വേരുകളാണ് കെട്ടിടത്തെ സംരക്ഷിച്ചിരുന്നത്. ധാരാളം ചരിത്ര വിദ്യാര്‍ഥികളെയും സഞ്ചാരികളെയും ഈ നിര്‍മിതി ആകര്‍ഷിച്ചിരുന്നു. ഏതാനും മാസം മുമ്പ് തോട്ടാപ്പുരയ്‌ക്ക് സംരക്ഷണം ഒരുക്കിയിരുന്ന ആല്‍മരം ഉണങ്ങാന്‍ തുടങ്ങിയിരുന്നു. ഈ സമയത്തും സ്‌മാരകം സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. ആല്‍മരം എങ്ങനെ ഉണങ്ങി എന്നതില്‍ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നു. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്‌മി ഭായിയുടെ കാലത്താണ് പീരുമേട്ടില്‍ തോട്ടാപുര നിര്‍മിച്ചത്. കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരത്തിന്റെ ഭാഗമായിട്ടായിരുന്നു നിര്‍മാണം. ക്ഷേത്രനിര്‍മാണത്തിനും കെ.കെ. റോഡ് നിര്‍മാണത്തിനും ആവശ്യമുള്ള വെടിക്കോപ്പ് സൂക്ഷിക്കാന്‍ പ്രത്യേക രീതിയിലാണ് തോട്ടപ്പുരയുടെ നിര്‍മാണം നടത്തിയത്. കുമ്മായം ചേര്‍ത്ത മിശ്രിതമാണ് ഈ ഒറ്റമുറിക്കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഇതിനായി ജനവാസമില്ലാത്ത കൊടുങ്കാട് ആണ് തിരഞ്ഞെടുത്തത്.
ഇവിടെ സ്‌ഫോടവസ്‌തുക്കളെ ഇടിമിന്നലില്‍നിന്നു രക്ഷിക്കാന്‍ കാന്തം ഉപയോഗിച് മിന്നല്‍ രക്ഷ കവചവും സ്‌ഥാപിച്ചിരുന്നു. തോട്ടാപുരയുടെ തകര്‍ച്ചയില്‍ പുരാവസതു വകുപ്പ്, വിനോദ സഞ്ചാര വകുപ്പ്, റവന്യു വകുപ്പ് കൂടാതെ ത്രിതല പഞ്ചായത്തുകള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. പീരുമേട്ടില്‍ ഇനി അവശേഷിക്കുന്ന ചരിത്രസ്‌മാരകങ്ങളില്‍ കോടതി, തഹസില്‍ദാര്‍ ബം?ാവ്, ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, തിരുവിതാംകൂര്‍ രാജക്കന്മാരുടെ വേനല്‍ കാലവസതി, പള്ളികുന്ന് സി.എസ്.ഐ ദേവാലയം, അഴുത എല്‍.പി. സ്‌കൂള്‍, ബസ് കാത്തിരുപ്പു കേന്ദ്രം എന്നിവയാണുള്ളത്. ശംഖ് മുദ്ര പേറുന്ന കോടതി കെട്ടിടം പുതിയ കോടതി കോംപ്ലക്‌സ് വരുന്നതോടെ അവഗണിക്കപ്പെടുമെന്ന് ചരിത്ര കുതുകികള്‍ ആശങ്കപ്പെടുന്നു.
കനത്ത മഴയില്‍ നിലംപരിശായി പീരുമേട്ടിലെ തോട്ടാപ്പുര
