‘രാജ്യത്തെ മൊത്തം 80 ദശലക്ഷം വനിതാ വോട്ടർമാരിൽ, ധാരാളം പേർ അവരുടെ ശരിയായ പേരുകൾ വെളിപ്പെടുത്താൻ തയാറായില്ല. അവരുമായി ബന്ധപ്പെട്ട എൻട്രികൾ പട്ടികയിൽ നിന്ന് ഇല്ലാതാക്കേണ്ടിവന്നു. പ്രായോഗികമായി, അത്തരം കേസുകളെല്ലാം ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, വിന്ധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവയായിരുന്നു’, 1955ൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു.
ഇന്നാകട്ടെ പല സ്ഥലങ്ങളിലും പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. ആയ തെരഞ്ഞെടുപ്പിൽ 80 ലക്ഷമായിരുന്നു വനിതാ വോട്ടർമാരുടെ എണ്ണം. ഇത്തവണയാകട്ടെ ആദ്യമായി വോട്ട് ചെയ്യുന്ന വനിതകൾ മാത്രം 85 ലക്ഷത്തിലധികമാണ്! ആകെ സ്ത്രീ വോട്ടർമാർ 47.1 കോടിയും.
അക്കാലത്ത് നടപ്പിൽ വരുത്തിയ പല കാര്യങ്ങളും തെരഞ്ഞെടുപ്പിൽ പിന്നീട് പതിവായി. അതിലൊന്നാണ് സ്ഥാനാർഥികൾക്ക് ചിഹ്‌നം നൽകുന്നത്. മുൻപ് വ്യത്യസ്ത നിറങ്ങളുള്ള ബാലറ്റ് പെട്ടികൾ വരയ്ക്കുകയോ ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേക ബാലറ്റ് പെട്ടി നൽകുകയോ അത്തരം പെട്ടികളിൽ ഓരോന്നിനും വ്യത്യസ്ത അടയാളം നൽകുകയോ ഒക്കെയാണ് ചെയ്തിരുന്നത്. ഭൂരിപക്ഷവും നിരരക്ഷരായ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് ഒഴിവാക്കാൻ നല്ലത് ബാലറ്റ് പേപ്പറിൽ ചിഹ്‌നം നൽകുകയാണെന്ന് അന്ന് കമ്മിഷൻ തീരുമാനിച്ചു.
‘ഇന്ത്യയിലെ സാക്ഷരതയുടെ ശതമാനം 16.6 ശതമാനമായതിനാൽ, നിരക്ഷരരായ ബഹുഭൂരിപക്ഷം വോട്ടർമാർക്കും ബാലറ്റ് പേപ്പറുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ വായിച്ച് അവരുടെ വോട്ടുകൾ അടയാളപ്പെടുത്തുക അസാധ്യമായിരുന്നു’, 1955 ലെ റിപ്പോർട്ടിൽ പറയുന്നു. ചിഹ്‌നങ്ങൾ വോട്ടർമാർക്ക് പരിചിതവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായിരിക്കണമെന്നും പശു, ക്ഷേത്രം, ദേശീയ പതാക, ചരക്ക് തുടങ്ങിയ മതപരമോ വൈകാരികമോ ആയ ബന്ധമുള്ള ഒരു വസ്തുവിനും അംഗീകൃത ചിഹ്‌നങ്ങളുടെ പട്ടികയിൽ ഇടം ലഭിക്കരുതെന്നും കമ്മീഷൻ തീരുമാനിച്ചു.