കേരളത്തിൽ വേനൽമഴ കനത്തുപെയ്യുന്നു. കാലവർഷം എത്തുന്നതിനു മുൻപുതന്നെ കൊച്ചി ഉൾപ്പെടെയുള്ള പല ജില്ലകളിലും വെള്ളപ്പൊക്കം ഉണ്ടായി. കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ എസ്. അഭിലാഷ് പറഞ്ഞു.
എന്താണ് ഈ മേഘവിസ്ഫോടനം? നേരത്തെ അറിയാൻ സാധിക്കുമോ?
- മേഘവിസ്ഫോടനം: മണിക്കൂറിൽ 10 സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനം എന്ന് വിളിക്കുന്നത്.
- ലഘു മേഘവിസ്ഫോടനം: രണ്ടു മണിക്കൂർകൊണ്ട് 5 സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴ പെയ്താൽ അതിനെ ലഘു മേഘവിസ്ഫോടനം എന്ന് വിളിക്കാം. കേരളം പോലുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഇത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും.
- സാധാരണയായി മേഘവിസ്ഫോടനം ചെറിയ പ്രദേശത്തേ (15-20 ചതുരശ്ര കിലോമീറ്റർ) മാത്രമേ ബാധിക്കൂ. ഇത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകും. പശ്ചിമഘട്ടത്തിൽ ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും.
കുമുലോ നിംബസ്
- മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ ഇനമായ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണം.
- ഈ മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകളിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ നിന്ന് ആരംഭിച്ച് 15 കിലോമീറ്റർ ഉയരം വരെ എത്താം. തുലാമഴക്കാലത്തും കാലവർഷത്തിലും വലിയ കാറ്റോടൊപ്പം മഴ പെയ്യുമ്പോഴും ഈ മേഘങ്ങൾ കാണാം.
മുന്നറിയിപ്പ് എളുപ്പമല്ല
- മേഘവിസ്ഫോടനം ഉണ്ടാകുന്നത് വളരെ നേരത്തേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
- റഡാർ, സാറ്റലൈറ്റ് ചിത്രങ്ങൾ എന്നിവയിലൂടെ മൂന്നോ നാലോ മണിക്കൂർ മുൻപ് മാത്രമേ ഇത് അറിയാൻ സാധിക്കൂ.