തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പക്ഷി സർവേ പൂർത്തിയാകുമ്പോൾ വൈവിധ്യങ്ങളിൽപ്പെട്ട പക്ഷികളുടെ എണ്ണത്തിൽ വർധനയെന്ന് കണ്ടെത്തൽ. അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലത്തിന്റെ ഭാഗമാണ് നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ. വൈൽഡ്‌ലൈഫ് വാർഡൻ എസ് വി വിനോദിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വൈൽഡ്‌ലൈഫ് ഡിവിഷനും വാർബ്‌ളേർസ് ആൻഡ് വെയ്‌ഡേഴ്‌സും ചേർന്നാണ് സർവേ നടത്തിയത്. നെയ്യാറിൽ 159ഉം പേപ്പാറയിൽ 151 ഉം പക്ഷിയിനങ്ങളെ കണ്ടെത്തി. 2023–-24 വർഷത്തെക്കാൾ വർധനയാണ് രേഖപ്പെടുത്തിയത്. 2024 സർവേയിൽ പക്ഷിയിനങ്ങളുടെ എണ്ണം നെയ്യറിൽ 135ഉം പേപ്പാറയിൽ 90ഉം ആയിരുന്നു.
വെള്ളിമൂങ്ങ, മാക്കാച്ചിക്കാട, പൊന്തവരിക്കാട, വലിയ നീർക്കാക്ക, മേനിപ്രാവ്, രാചൗങ്ങൻ, കിന്നരി പ്രാപ്പരുന്ത്, ബസ്ര പ്രാപ്പിടിയൻ, വിറയൻപുള്ള്, കായൽപുള്ള്, ചെറിയ മീൻപ്പരുന്ത്, വലിയ കിന്നരിപ്പരുന്ത്, കാട്ടുമൂങ്ങ, മലമുഴക്കി തുടങ്ങിയ പക്ഷിയിനങ്ങളാണ് നെയ്യാറിൽ കണ്ടെത്തിയത്. മഞ്ഞക്കണ്ണി ചിലപ്പൻ, കരിഞ്ചെമ്പൻ പാറ്റപിടിയൻ, വെള്ളവയറൻ ചോലക്കിളി, തെക്കൻ ചിലുചിലപ്പൻ, പൊന്തവരിക്കാട, മരപ്രാവ്, മേനിപ്രാവ്, രാചൗങ്ങൻ, വെള്ളവയറൻ ശരപക്ഷി, കൊമ്പൻ ശരപക്ഷി, കൊല്ലിക്കുറവൻ മൂങ്ങ, കാട്ടുമൂങ്ങ, മലമുഴക്കി, കാക്കമരംകൊത്തി, മരംകൊത്തിച്ചിന്നൻ, കോഴിക്കിളിപ്പൊന്നൻ, ബൊണെല്ലിപ്പരുന്ത്, വിറയൻപുള്ള്, മലവരമ്പൻ, കാക്കത്തമ്പുരാട്ടികുയിൽ, ഷാമക്കിളി എന്നിവ പേപ്പാറയിൽനിന്ന് കണ്ടെത്തി.||
കേരളത്തിൽ അപൂർവവും തെക്കൻ ജില്ലകളിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തതും വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്നതുമായ മഞ്ഞക്കണ്ണി ചിലപ്പനെ പേപ്പാറയിൽ കണ്ടെത്തി. നെയ്യാറിൽ ആദ്യമായാണ് വെള്ളിമൂങ്ങയെ കണ്ടെത്തുന്നത്. പച്ചമരപ്പൊട്ടൻ, ചാരത്തലയൻ പാറ്റപിടിയൻ എന്നീ പക്ഷികകളുടെ എണ്ണത്തിൽ സ്വാഭാവികമായി കാണുന്ന പ്രദേശങ്ങളിൽ കുറവ് വന്നിട്ടുണ്ട്. താഴ്ന്നപ്രദേശങ്ങളിൽ സാധാരണ കാണുന്ന പക്ഷികൾ നെയ്യാറിലെ ഉയർന്ന സ്ഥലങ്ങളിൽ കാണുന്നത് കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ആണോ എന്നുള്ളതും പഠനവിധേയമാക്കേണ്ടതാണ്. വിവിധ ജില്ലകളിൽനിന്നുള്ള 40 പക്ഷി നിരീക്ഷകരാണ് സർവേയിൽ പങ്കെടുത്തത്.
നെയ്യാർ, പേപ്പാറ മേഖലകളിൽ 85 പക്ഷിയിനങ്ങൾ കൂടി
