ചരിത്രത്തിലേക്ക് കുതിച്ച് അഗ്നികുൽ കോസ്മോസിന്റെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്മോസ് ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തോടെ സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി.

ഐഐടി മദ്രാസ് സഹകരണത്തോടെ പ്രവർത്തിക്കുന്ന അഗ്നികുൽ കോസ്മോസിന്റെ “അഗ്നിബാൻ സോർറ്റെഡ് (സബ് ഓർബിറ്റൽ ടെക്നോളജിക്കൽ ഡെമോൺസ്ട്രേറ്റർ)” എന്ന സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ ഘടിപ്പിച്ച റോക്കറ്റാണ് വിക്ഷേപിച്ചത്. ഭാവി റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യയായ സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ വികസിപ്പിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഇസ്റോ) ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സ്റ്റാർട്ടപ്പ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

ശ്രീഹരിക്കോട്ടയിലെ സ്വകാര്യ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് രാവിലെ 7.15ന് വിക്ഷേപിച്ച റോക്കറ്റ് രണ്ട് മിനിറ്റ് പരീക്ഷണ പറക്കൽ നടത്തിയ ശേഷം നിശ്ചയിച്ച സ്ഥലത്ത് ബംഗാൾ ഉൾക്കടലിൽ പതിച്ചു. ചെലവേറിയതും സങ്കീർണ്ണവുമായ ക്രയോജനിക് എൻജിനുകൾക്ക് പകരം ശുദ്ധീകരിച്ച മണ്ണെണ്ണയും മെഡിക്കൽ ഓക്സിജനും ഇതിൽ ഇന്ധനമായി ഉപയോഗിച്ചു. രാജ്യത്ത് സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ റോക്കറ്റ് കൂടിയാണിത്. ഏപ്രിൽ 7ന് പരീക്ഷിക്കാൻ നിശ്ചയിച്ചിരുന്ന റോക്കറ്റിന്റെ വിക്ഷേപണം സാങ്കേതിക കാരണങ്ങളാൽ നാല് തവണ മാറ്റിവെച്ചിരുന്നു.

2017ൽ എയ്റോസ്പേസ് എൻജിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം. മോയിനും ചേർന്നാണ് അഗ്നികുൽ കോസ്മോസിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന അഗ്നികുൽ കോസ്മോസ് ലോഞ്ച് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡിനും ഈ നേട്ടത്തിൽ നിർണായക പങ്കുണ്ട്. ഈ വിജയം ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്, ഭാവിയിലേക്കുള്ള പുതിയ സാധ്യതകൾ തുറക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *