ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികൾക്കിടയിൽ അമിതവണ്ണവും പൊണ്ണത്തടിയും ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ലോക അമിതവണ്ണ ദിനത്തോടനുബന്ധിച്ച് (മാർച്ച് 4) വേൾഡ് ഒബിസിറ്റി ഫെഡറേഷൻ പുറത്തിറക്കിയ ‘വേൾഡ് ഒബിസിറ്റി അറ്റ്‌ലസ് 2026’ ലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ അഞ്ചു വയസ്സിനും പത്തൊൻപത് വയസ്സിനും ഇടയിലുള്ള നാല് കോടിയിലധികം കുട്ടികൾ ഉയർന്ന ബി.എം.ഐ (Body Mass Index) ഉള്ളവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചൈനയ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാമത്
ഉയർന്ന ബി.എം.ഐ ഉള്ള കുട്ടികളുടെ എണ്ണത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 6.2 കോടി കുട്ടികൾ ഈ വിഭാഗത്തിലുണ്ട്. ഇന്ത്യയിൽ 5-9 പ്രായപരിധിയിലുള്ള 1.5 കോടി കുട്ടികളും, 10-19 പ്രായപരിധിയിലുള്ള 2.6 കോടി കൗമാരക്കാരും അമിതവണ്ണമുള്ളവരാണ്. ഇതിൽ 1.4 കോടി കുട്ടികൾ കടുത്ത പൊണ്ണത്തടി (Obesity) അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2.7 കോടി കുട്ടികളാണ് അമിതവണ്ണമുള്ളവർ.
പ്രതിരോധം പാളുന്നു; ലക്ഷ്യങ്ങൾ അകലെ
കുട്ടികളിലെ പൊണ്ണത്തടി വർധിക്കുന്നത് പകുതിയായി കുറയ്ക്കണമെന്ന 2025-ലെ ആഗോള ലക്ഷ്യം കൈവരിക്കുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടതായി ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഈ സമയപരിധി ഇപ്പോൾ 2030-ലേക്ക് നീട്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴും നിശ്ചിത ലക്ഷ്യത്തിൽ നിന്ന് ഏറെ പിന്നിലാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു.
കാരണങ്ങൾ അശാസ്ത്രീയമായ ജീവിതശൈലി
ഇന്ത്യയിലെ കുട്ടികൾക്കിടയിലെ ഈ ആരോഗ്യപ്രതിസദ്ധിക്ക് പ്രധാന കാരണമായി അറ്റ്‌ലസ് ചൂണ്ടിക്കാട്ടുന്നത് താഴെ പറയുന്നവയാണ്:
- വ്യായാമക്കുറവ്: 11 മുതൽ 17 വയസ്സുവരെയുള്ള 74% കൗമാരക്കാരും ആവശ്യമായ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നില്ല.
- ഭക്ഷണരീതി: 6 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം ശരാശരി 50 മില്ലി ലിറ്റർ മധുരപാനീയങ്ങൾ കുടിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണം ലഭിക്കുന്നത് 35.5% കുട്ടികൾക്ക് മാത്രമാണ്.
- മുലയൂട്ടലിലെ കുറവ്: അഞ്ച് മാസം വരെയുള്ള ശിശുക്കളിൽ 32.6% പേർക്കും ശാസ്ത്രീയമായ രീതിയിലുള്ള മുലപ്പാൽ ലഭിക്കുന്നില്ല.
- അമ്മമാരുടെ ആരോഗ്യം: 15-49 പ്രായപരിധിയിലുള്ള സ്ത്രീകളിൽ 13.4% പേർ അമിതവണ്ണമുള്ളവരും 4.2% പേർ ടൈപ്പ്-2 പ്രമേഹബാധിതരുമാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.
കടുത്ത നടപടികൾ വേണമെന്ന് ആവശ്യം
2040-ഓടെ ഇന്ത്യയിൽ ഉയർന്ന ബി.എം.ഐ മൂലം രോഗബാധിതരാകുന്ന കുട്ടികളുടെ എണ്ണം വൻതോതിൽ വർധിക്കുമെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് ജോഹന്ന റാൽസ്റ്റൺ പറഞ്ഞു. അഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ലോകമെമ്പാടും ഈ രോഗം പടരുമ്പോഴും സർക്കാരുകൾ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുക, കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക, സ്കൂളുകളിൽ പോഷകാഹാരം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഫെഡറേഷൻ മുന്നോട്ടുവെക്കുന്നത്.
