ബഹിരാകാശത്തുനിന്ന് അപ്രതീക്ഷിതമായി വന്ന ശക്തമായൊരു റേഡിയോ സിഗ്നൽ ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കി. 58 വർഷം മുമ്പ് നാസ ഉപേക്ഷിച്ച ഒരു ഉപഗ്രഹത്തിൽ നിന്നാണ് ഈ സിഗ്നൽ വന്നതെന്ന് പിന്നീട് കണ്ടെത്തി.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ റേഡിയോ ദൂരദർശിനികളിലാണ് നാസയുടെ റിലേ-2 (Relay 2) ഉപഗ്രഹത്തിൽനിന്നുള്ള ഈ സിഗ്നൽ പതിഞ്ഞത്. വളരെ തീവ്രമായ ഈ സിഗ്നൽ കഷ്ടിച്ച് ഒരു സെക്കൻഡ് മാത്രമാണ് നീണ്ടുനിന്നത്. റേഡിയോ തരംഗങ്ങളുടെ അടിസ്ഥാനത്തിൽ ഇത് ഭൂമിയിൽ നിന്നുള്ള വീക്ഷണത്തിൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവായി മാറി, ഗാലക്സികളെയും നക്ഷത്രങ്ങളെയുംകാൾ തിളക്കം!
1964-ലാണ് നാസ ആശയവിനിമയ ഉപഗ്രഹമായ റിലേ 2 വിക്ഷേപിച്ചത്. 1967-ൽ അതിന്റെ രണ്ട് ട്രാൻസ്മിറ്ററുകളും പ്രവർത്തനരഹിതമായി. അതോടെ ഉപഗ്രഹം ഉപേക്ഷിക്കപ്പെട്ടു.
സിഗ്നൽ ഉപഗ്രഹത്തിലെ ഉപകരണങ്ങളിൽനിന്നല്ല വന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. ഒരു ബാഹ്യ സംഭവം മൂലമാകാം അത് സംഭവിച്ചത്. ഈ സ്ഫോടനം ക്ഷണനേരംകൊണ്ട് 400 വാട്ട് ശക്തി പുറത്തുവിട്ടു, ഒരു ചെറിയ മൈക്രോവേവ് ഓവൻ പുറത്തുവിടുന്നയത്ര ശക്തി! ഭൂമിയുടെ കാന്തികക്ഷേത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ സംഭരിക്കപ്പെട്ട ചാർജ് പെട്ടെന്ന് പുറത്തുവിട്ടതാകാം സിഗ്നലുകൾക്ക് കാരണമെന്നാണ് ഒരു വാദം. ഒരു ചെറിയ കല്ലിന്റെ വലിപ്പമുള്ള ബഹിരാകാശ വസ്തുവുമായുള്ള കൂട്ടിയിടിയാകാമെന്നാണ് മറ്റൊരു വാർത്ത.