കൊച്ചി: നിര്‍മിത ബുദ്ധി എങ്ങനെ പ്രായോഗികമായി സംരംഭകര്‍ക്ക് ഉപയോഗിക്കാം എന്നും ഗ്രാമീണ മേഖലയില്‍ നിന്നുള്ള വനിതാ കരകൗശല വിദഗ്ദ്ധരുടേയും സംരംഭകരുടേയും ശാക്തീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യാ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ടാറ്റ ഗ്രൂപ് രൂപം നല്‍കിയ ‘ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാം’ സംഘടിപ്പിച്ചു. ശില്‍പശാലയില്‍ 1553 വനിതകള്‍ പങ്കെടുത്തു. കരകൗശല വിദഗ്‌ധർ, അടിസ്ഥാന ഡിജിറ്റൽ സാക്ഷരതയുള്ളവർ, ഡിജിറ്റല്‍ രംഗത്ത് അല്‍പം കൂടി മികച്ച അറിവുള്ളവര്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായി പങ്കെടുത്തവരെ തിരിച്ചണ് പരിശീലനം നൽകിയത്. ഓരോ വിഭാഗങ്ങളിലും കരകൗശല വിദഗ്ദ്ധര്‍, അടിസ്ഥാന തലത്തിലുള്ള സംരംഭകര്‍, സ്വാശ്രയ സംഘ നേതാക്കള്‍, വൈവിധ്യമാര്‍ന്ന ഗ്രാമീണ മേഖലകളില്‍ നിന്നുള്ള കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ ഉൾപ്പെട്ടിരുന്നു.
പരിപാടിയുടെ മുഴുവന്‍ സമയവും വ്യക്തിഗത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തല്‍സമയ പ്രശ്‌ന പരിഹാരങ്ങള്‍ സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍, പങ്കെടുക്കുന്ന ഓരോ അഞ്ചു പേരേയും ഓരോ മെന്‍റര്‍മാര്‍ വീതം പിന്തുണക്കുന്ന രീതിയിലായിരുന്നു ഇത് ആസൂത്രണം ചെയ്തത്. പരിപാടിക്കിടെ പുതിയ ഉല്‍പന്ന ഡിസൈനുകള്‍ തയ്യാറാക്കാനും വിപണന സാമഗ്രികള്‍ തയ്യാറാക്കാനും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചു മനസിലാക്കാനും രേഖകള്‍ ട്രാന്‍സുലേറ്റു ചെയ്യാനും സ്വന്തം ഫോണ്‍ ഉപയോഗിച്ച് അപേക്ഷകള്‍ തയ്യാറാക്കാനും എല്ലാം നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതിന് ഈ മെന്‍റര്‍മാര്‍ പരിശീലിപ്പിച്ചു. രണ്ടര മണിക്കൂര്‍ പരിപാടി അവസാനിച്ചതോടെ പങ്കാളികളെല്ലാം ചേര്‍ന്ന് 4727 ചുമതലകളായിരുന്നു നിര്‍മിത ബുദ്ധി പിന്തുണയോടെ നിര്‍വഹിച്ചത്. അവര്‍ക്കു നല്‍കിയ ജോലികള്‍ 98 ശതമാനം പൂര്‍ത്തിയാക്കുകയും ചെയ്തു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു വനിതകള്‍ ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാമിൽ പങ്കെടുത്തത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു എന്ന് ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ ആര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു. സാങ്കേതികവിദ്യാ വികസനം സമൂഹത്തിന്‍റെ പുരോഗതിക്ക് ഒപ്പം മുന്നോട്ടു പോകണമെന്നാണ് ടാറ്റ ഗ്രൂപ്പും ടിസിഎസും ശക്തമായി വിശ്വസിക്കുന്നത്. ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിനു വനിതകളേയും കരകൗശല വിദഗ്ദ്ധരേയും നിര്‍മിത ബുദ്ധിയുടെ ശക്തി ഉപയോഗിച്ചു മുന്നേറാന്‍ സഹായിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും ആര്‍ത്തി സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു.ടാറ്റ എഐ സഖി ഇമ്മേഴ്‌ഷൻ പ്രോഗ്രാമിൽ 447 പരമ്പരാഗത കരകൗശല വിദഗ്ദ്ധരാണ് തങ്ങളുടെ ഡിസൈന്‍ ആശയങ്ങള്‍, ഉല്‍പന്ന ചിത്രങ്ങള്‍, പട്ടച്ചിത്ര, മധുബാനി, ധോക്ര എന്നിവ പോലുള്ളവയ്ക്കായുള്ള പുതിയ ആശയങ്ങള്‍ കണ്ടെത്തല്‍ എന്നിവയ്ക്കായി നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തിയത്. ഇതേ രീതിയില്‍ സ്വാശ്രയ സംഘങ്ങളില്‍ നിന്നുള്ള 940 വനിതകള്‍ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചു മനസിലാക്കുന്നതിനും വിപണന സാമഗ്രികള്‍ തയ്യാറാക്കുന്നതിനും ബിസിനസിനായുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുന്നതിനും എഐ പ്രയോജനപ്പെടുത്തി. ഇതിനകം തന്നെ പ്രതിമാസം 20,000 രൂപ നേടുന്ന വനിതകള്‍ ഉള്‍പ്പെട്ട 166 ഡിജിറ്റല്‍ സംരംഭകര്‍ സ്വയം പഠിക്കുന്നതിനും ബിസിനസ് വളര്‍ച്ചയ്ക്കുമായി നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തി.
