കെ.എഫ്.ഡി.സി.  തോട്ടങ്ങളിലെ  യൂക്കാലി: ഉത്തരവ് റദ്ദാക്കി


 

Eucalyptus Plantation

കേരള വനം വികസന കോർപ്പറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള വിവാദ ഉത്തരവ് വനം വകുപ്പ് റദ്ദാക്കി. കെഎഫ്ഡിസിയുടെ അംഗീകൃത വർക്കിങ് പ്ലാൻ പ്രകാരം, യൂക്കാലി മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദ്ദേശം ഉൾപ്പെടുത്തിയും മരങ്ങൾ നടണമെന്ന മുൻ ഉത്തരവിലെ പരാമർശം ഒഴിവാക്കിയുമാണ് വനം അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇന്നലെ ഉത്തരവിൽ ഒപ്പിട്ടത്.

മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതി വാങ്ങിയ ശേഷമാണ് നടപടി. വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് വനം മേധാവി ഗംഗാ സിങ് കഴിഞ്ഞ ദിവസം അഡീഷനൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിരുന്നു.

യൂക്കാലി മരങ്ങൾ നടാൻ അനുമതി നൽകി കഴിഞ്ഞ ഏഴിനു പുറത്തിറക്കിയ സ്വന്തം ഉത്തരവ് പരിഷ്കരിക്കുന്നെന്നാണ് ഇന്നലെ ജ്യോതിലാൽ ഒപ്പിട്ട ഉത്തരവിലെ പരാമർശം. പുതിയ ഉത്തരവ് ഇന്നു പുറത്തിറങ്ങും.

സർക്കാർ നയത്തിനു വിരുദ്ധമായി യൂക്കാലി മരങ്ങൾ നടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നേരിട്ടു കത്തെഴുതിയ കെഎഫ്ഡിസി എംഡി ജോർജി പി.മാത്തച്ചനോട്, നടപടിയെടുക്കാതിരിക്കാൻ വിശദീകരണം തേടാനും വനം വകുപ്പ് തീരുമാനിച്ചു.
വിവാദ ഉത്തരവ്:

  • 2024-25 വർഷത്തേക്ക് യൂക്കാലി നടാൻ അനുമതി നൽകി വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് വിവാദത്തിന് കാരണം.
  • ഈ ഉത്തരവ് കെ.ആർ. ജ്യോതിലാൽ ആണ് പുറത്തിറക്കിയത്.
  • കെഎഫ്ഡിസി എംഡിയുടെ നിരന്തരമായ കത്തുകളെ തുടർന്നാണ് ഈ ഉത്തരവ് പുറത്തിറക്കിയതെന്ന് പറയപ്പെടുന്നു.

വിമർശനങ്ങൾ:

  • യൂക്കാലി നടുന്നത് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നയങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനം ഉയർന്നു.
  • ഭരണകക്ഷിയിലെ ചിലരും പരിസ്ഥിതി സംഘടനകളും ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയർത്തി.
  • യൂക്കാലി, അക്കേഷ്യ എന്നിവ ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷകരവുമാണെന്ന് വിലയിരുത്തി 2017ൽ വനം വകുപ്പ് നടീൽ വിലക്കിയിരുന്നു.

കെഎഫ്ഡിസി എംഡിയുടെ വാദം:

  • കെഎഫ്ഡിസി ഒരു വാണിജ്യ സ്ഥാപനമാണ്, യൂക്കാലി നടീൽ വിലക്ക് സ്ഥാപനത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് എംഡി വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *